കൂമ്പാച്ചി മലയില്‍ ബാബു കുടുങ്ങിയത് പോലെ കര്‍ണാടകയിലെ നന്ദി ഹിൽസിലും യുവാവ് അപകടത്തില്‍പ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്

ബെംഗളൂരു: കൂമ്പാച്ചി മലയില്‍ ബാബു കുടുങ്ങിയത് പോലെ കര്‍ണാടകയിലെ (Karnataka) നന്ദി ഹിൽസിലും (Nandi hills) യുവാവ് അപകടത്തില്‍പ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അഞ്ച് മണിക്കൂറിന് ശേഷം നിഷാങ്കിനെ രക്ഷിച്ചു. 

വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്.

മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കരസേനയാണ് രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബാബു ആശുപത്രി വിട്ടിരുന്നു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വീഴ്ചയുടേയും, രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പാറയിടുക്കിൽ പ്രതികൂല സാഹചര്യത്തിൽ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്. 

നേരത്തെ, ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു വിശദീകരിച്ചു. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. 75 ലക്ഷം രൂപയോളമായിരുന്നു ബാബുവിനെ രക്ഷിക്കാൻ ചെലവായത്. 

ഹിജാബ് ഒരു ചോയ്‌സല്ല, ഒരു കടമയാണ് ഹിജാബ് വിവാദത്തില്‍ നടി സൈറ വസീം

ദില്ലി: ഹിജാബ് വിവാദത്തില്‍ (Hijab Row) പ്രതികരണവുമായി ദംഗല്‍ താരം സൈറ വസീം (zaira wasim). ട്വിറ്ററില്‍ കുറിച്ച നീണ്ട പോസ്റ്റിലാണ് സൈറ തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്പര്യ സങ്കല്‍പ്പം തെറ്റായ വിവരമാണെന്ന് നടി കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമില്‍ (Islam) ഹിജാബ് ഒരു ചോയിസല്ല. ബാധ്യതയാണ്. ഹിജാബ് ഒരു ചോയ്‌സാണെന്ന വാദം സൗകര്യത്തിന്റെയോ അറിവില്ലായ്മയുടെയോ ഫലമാണ്.

ഇസ്ലാമില്‍ ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഒരു കടമയാണ്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ, താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്‍പിച്ച ഒരു കടമ നിറവേറ്റുന്നുവെന്നും സൈറ വസീം വ്യക്തമാക്കി.നന്ദിയോടെയും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍, മതപരമായ പ്രതിബദ്ധത നിറവേറ്റുന്നതില്‍ നിന്ന് സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയെ എതിര്‍ക്കുന്നതായും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി. മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഈ അനീതി ശരിയല്ല. മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വേണോ ഹിജാബ് വേണോ എന്നത് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥ അനീതിയാണെന്നും സൈറ പറഞ്ഞു.

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ബോളിവുഡില്‍ നിന്ന് നേരത്തെയും അഭിപ്രായമുയര്‍ന്നിരുന്നു. ഗാനരചയിതാവ് ജാവേദ് അക്തര്‍, നടി സോനം കപൂര്‍ എന്നിവര്‍ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഹിജാബ് വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഹിജാബ് മുസ്ലീം വിശ്വാസത്തിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും അത് തടയുന്നത് മതസ്വാതന്ത്ര്യത്തില്‍ ഭരണഘടനാ ഉറപ്പ് ലംഘിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.