ദില്ലി: രാഹുല്‍ ഗാന്ധിയുമായി സംസാരിക്കരുതെന്ന് തന്നോട് ഒരാള്‍ ഉപദേശിച്ചിരുന്നതായി രാജീവ് ബജാജ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള വീഡിയോ സംവാദത്തില്‍ രാഹുല്‍ ഗാന്ധിയോടു തന്നെയാണ് ഇക്കാര്യം രാജീവ്  ബജാജ് പറഞ്ഞത്. രാഷ്ട്രീയത്തിനപ്പുറം സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യമില്ലെന്നാണ് രാജീവ് ബജാജ് പറഞ്ഞത്.

രാജീവ് ബജാജിന്‍റെ വാക്കുകള്‍ ഇങ്ങനെ...

ഞാൻ ഇന്നലെ, രാത്രി പന്ത്രണ്ടരയോടെ, ഒരാളോട് പറഞ്ഞു,"ഞാൻ രാഹുൽ ഗാന്ധിയോട് സംസാരിക്കാൻ പോവുകയാണ്" അയാളുടെ ആദ്യത്തെ പ്രതികരണം ഇങ്ങനെയായിരുന്നു, " അരുത്... വേണ്ട. ചെയ്യരുത് " എനിക്ക് അത്ഭുതം തോന്നി. ഞാൻ ചോദിച്ചു, "എന്തേ? എന്താണ് നിങ്ങൾ അങ്ങനെ പറഞ്ഞത്? " അപ്പോൾ അയാൾ പറഞ്ഞ മറുപടി, " വേണ്ട, അത് നിങ്ങൾക്ക് ദോഷം ചെയ്യും " എന്നായിരുന്നു. ഞാൻ അയാളോട് പറഞ്ഞു, " ഞാൻ ഇതിനു മുമ്പും പറഞ്ഞിട്ടുണ്ടല്ലോ പലവട്ടം പലതും, പലപ്പോഴും ഇമോഷണൽ ആയിത്തന്നെ. എൻഡിടിവിയിൽ പറഞ്ഞിട്ടുണ്ട്. എക്കണോമിക്സ് ടൈംസ് പത്രത്തോട് പറഞ്ഞിട്ടുണ്ട്. ആജ് തകിൽ പറഞ്ഞിട്ടുണ്ട്. പല ചാനലുകളോടും അങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള തെറ്റുകൾ പലതും ഉണ്ടായിട്ടുണ്ട്. അതിനിപ്പോൾ എന്ത് ചെയ്യാനാണ്..." അപ്പോൾ അയാൾ പറഞ്ഞത്," മീഡിയയിൽ സംസാരിക്കുന്ന പോലെ അല്ല, രാഹുൽ ഗാന്ധിയോട് നേരിട്ട് സംസാരിക്കുന്നത്" അപ്പോൾ ഞാൻ അയാളെ വീണ്ടും ഒന്നുകൂടി പ്രകോപിപ്പിക്കാൻ ശ്രമിച്ചു,ഞാൻ പറഞ്ഞു, " ഞങ്ങൾ ബിസിനസിനെപ്പറ്റി സംസാരിക്കാൻ പോവുകയാണ്. എക്കണോമിക്സ്, ലോക്ക് ഡൗൺ, ഇനി എന്ത് ചെയ്യണം, ടെക്‌നോളജിയിൽ എന്തൊക്കെ പരീക്ഷിക്കാം, രാഹുലിന് മോട്ടോർ സൈക്കിളുകൾ ഇഷ്ടമാണ്, അതേപ്പറ്റി ഞങ്ങൾ സംസാരിച്ചെന്നിരിക്കും. അങ്ങനെയും സംസാരിക്കാൻ പാടില്ലെന്നുണ്ടോ? വലിയ കഷ്ടമാണ് കേട്ടോ..! " അപ്പോൾ അയാൾ പറഞ്ഞു, " എന്തിനാണ് വെറുതെ നിങ്ങൾ റിസ്കെടുക്കുന്നത്.?" എനിക്ക് പറയാനുളളത് ഇതാണ്, " തുറന്നു സംസാരിക്കുക എന്നത് നമ്മുടെ ശക്തിയാണ്, ബലമാണ്.. അത് നമ്മൾ നഷ്ടപ്പെടുത്തരുത്. നമുക്ക് ഇനിയും സഹിഷ്ണുത എത്രയോ കൂടുതൽ ആവശ്യമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്."

കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം അടിച്ചിട്ട നടപടി തെറ്റായിപ്പോയെന്നും രാജീവ് സംവാദത്തില്‍ പറ‍ഞ്ഞു. ഇത്തരം അടച്ചുപൂട്ടൽ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും രാജീവ് ബജാജ് പറഞ്ഞു. ഇതൊരു ക്രൂരമായ നീക്കമായിപ്പോയി. കൊവിഡിനൊപ്പം ജീവിക്കുകതയെന്നതാണ് സർക്കാർ നയം. ജനങ്ങൾ അതിനെ അംഗീകരിക്കാൻ സമയമെടുക്കുമെന്നും രാജീവ് ബജാജ് പറഞ്ഞു.കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളെ ( യൂറോപ്പ്, അമേരിക്ക) മാതൃകയാക്കാനാണ് ഇന്ത്യ ശ്രമിച്ചത്. 

എന്നാൽ ലോകത്ത് ഏറ്റവും നന്നായി കൊവിഡിനെ പ്രതിരോധിച്ചത് ചില കിഴക്കനേഷ്യൻ രാജ്യങ്ങളാണ് എന്ന കാര്യം മറക്കരുത്. ഒരു ഏഷ്യൻ രാജ്യമെന്ന നിലയിൽ കിഴക്കനേഷ്യയിലെ പല രാജ്യങ്ങളും എങ്ങനെ കൊവിഡിനെ പ്രതിരോധിച്ചു എന്നത് നാം പഠിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിനും യൂറോപ്പിനേയും അമേരിക്കയേയും മാതൃകയാക്കുന്നത് ഒരു നല്ല ശീലമല്ല.വികസിത രാജ്യമായ അമേരിക്കയോ വികസിത ഭൂഖണ്ഡമായ യൂറോപ്പോ കൊവിഡിൽ അടിപതറി വീണെങ്കിൽ ലോകത്തെവിടെയും കൊവിഡ് ബാധിക്കപ്പെടും എന്നു നാം തിരിച്ചറിയണം. സമ്പന്നരാജ്യങ്ങളെ ബാധിച്ചപ്പോൾ മാത്രമാണ് കൊവിഡൊരു ആഗോളപ്രശ്നമായി മാറിയത്. ആഫ്രിക്കയിൽ എല്ലാ വർഷവും എട്ടായിരത്തോളം കുട്ടികൾ പട്ടിണി കിടന്നു മരിക്കുന്നു. അതൊന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ല - രാജീവ് ബജാജ് പറഞ്ഞു.