Asianet News MalayalamAsianet News Malayalam

'ദേവിയുടെ അവതാരം' ; ജനിച്ചുവീണ കുഞ്ഞിന്‍റെ വിരലുകള്‍ കണ്ട് ഞെട്ടി കുടുംബാംഗങ്ങള്‍

എട്ടാം മാസത്തിലാണ് പ്രസവം നടന്നതെങ്കിലും കുഞ്ഞിനും മാതാവിനും മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല

 Baby born with extra fingers, family calls her incarnation of goddess
Author
First Published Sep 18, 2023, 11:47 AM IST | Last Updated Sep 18, 2023, 11:47 AM IST

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 26 വിരലുകളുമായി പെണ്‍കുഞ്ഞ് പിറന്നു. 26 വിരലുകളുമായി കുഞ്ഞ് പിറന്നതിന്‍റെ ആശ്ചര്യത്തിലാണ് കുടുംബാംഗങ്ങള്‍. 26 വിരലുകളുള്ള പെണ്‍കുഞ്ഞ് ദേവിയുടെ അവതാരമാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. രണ്ടു കൈകളിലും ഏഴു വിരലുകള്‍ വീതവും രണ്ടു കാലുകളിലും ആറു വിരലുകള്‍ വീതവുമാണുള്ളത്. 

ദൊലാഗര്‍ ദേവിയുടെ അവതാരമായാണ് പെണ്‍കുഞ്ഞിനെ കാണുന്നതെന്ന് കുഞ്ഞിന്‍റെ മാതൃസഹോദരന്‍ പറഞ്ഞു. കുഞ്ഞിന്‍റെ ജനനത്തോടെ എല്ലാവരും വലിയ ആഹ്ലാദത്തിലാണ്. തന്‍റെ സഹോദരി 26 വിരലുകളുള്ള കുഞ്ഞിന് ജന്മം നല്‍കിയതിനെ എല്ലാവരും സന്തോഷത്തോടെയാണ് കാണുന്നതെന്നും സഹോദരന്‍ പറഞ്ഞു. 25കാരിയായ സര്‍ജു ദേവിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായി എട്ടാം മാസത്തിലാണ് പ്രസവം നടന്നതെങ്കിലും കുഞ്ഞിനും മാതാവിനും മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. വീട്ടുകാര്‍ ദേവിയുടെ അവതാരമായിട്ടാണ് കാണുന്നതെങ്കിലും ജനിതക പ്രശ്നമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. 

ഒന്നോ രണ്ടോ വിരലുകള്‍ അധികമായി ഉണ്ടാകുന്നത് പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും 26 വിരലുകളുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോ. ബി.എസ് സോണി പറഞ്ഞു. 26 വിരലുകള്‍ ഉള്ളതുകൊണ്ട് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയാണിരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ (സി.ആര്‍.പി.എഫ്) ഹെഡ് കോണ്‍സ്റ്റബിളായ ഗോപാല്‍ ഭട്ടാചാര്യയാണ് കുഞ്ഞിന്‍റെ പിതാവ്. ഗോപാല്‍ ഭട്ടാചാര്യയും ഭാര്യയും മറ്റു കുടുംബാംഗങ്ങളുമെല്ലാം കുഞ്ഞിന്‍റെ ജനനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലുള്ള ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയാണ് ദോലാഗഢ് ദേവി. ഇക്കഴിഞ്ഞ മെയില്‍ മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലും സമാനമായ രീതിയില്‍ 26 വിരലുകളുള്ള ആണ്‍കുഞ്ഞ് ജനിച്ചിരുന്നു.വളരെ അപൂര്‍വമായാണ് ഇത്തരം സംഭവങ്ങളുണ്ടാകാറുള്ളതെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios