ദില്ലി: രണ്ട് മാസമായി ദേശീയ രാഷ്ട്രീയത്തിലും സർക്കാരിലും സജീമല്ലാതെ നിൽക്കുന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ ചൊല്ലി അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം നേതാക്കൾക്ക് നിർദേശം നൽകി. ലോക്ക് ഡോൺ അൻപത് ദിവസം കഴിഞ്ഞിട്ടും കേന്ദ്ര അഭ്യന്തരമന്ത്രിയിൽ നിന്നും കാര്യമായ പ്രസ്താവനകളോ പരസ്യ ഇടപെടലുകളോ ഉണ്ടാവാതിരുന്നത് ചർച്ചയായ സാഹചര്യത്തിലാണ് ഇക്കാര്യം കൂടുതൽ ച‍‍ർച്ച  ചെയ്യാൻ ഇടം നൽകേണ്ടെന്ന നിലപാട് ബിജെപി കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്. 

അമിത്ഷായെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അനാവശ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ നിർദ്ദേശം. അമിത് ഷായ്ക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന രീതിയിൽ നേരത്തെ വാ‍ർത്തകൾ വന്നിരുന്നെങ്കിലും ഇക്കാര്യം നിഷേധിച്ച് അദ്ദേഹം കഴിഞ്ഞ ആഴ്ച വാ‍ർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അമിത് ഷാ തന്നെ നേരിട്ട് ഇക്കാര്യം വിശദീകരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇനി വിവാദത്തിന് അവസരം നല്കരുതെന്നാണ് ബിജെപി സ്വന്തം വക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടുമാസമായി എന്തു കൊണ്ട് അമിത് ഷാ മൗനത്തിൽ...? ഇക്കാര്യത്തിൽ ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചർച്ച സജീവമായിരുന്നു. ദേശീയതലത്തിൽ മാധ്യമങ്ങളിലുൾപ്പടെ ഈ ചോദ്യം ഉയർന്നു. സാമൂഹിക മാധ്യമങ്ങളിൽ ഷായുടെ ആരോഗ്യത്തെക്കുറിച്ച് വരെ കഥകൾ പടർന്നു. ഇതിനു ശേഷമാണ് താൻ പൂർണ്ണ ആരോഗ്യവാനെന്ന് വ്യക്തമാക്കി അമിത് ഷാ പ്രസ്താവന പുറത്തിറക്കിയത്. 

ഇക്കാര്യത്തിൽ അനാവശ്യ ചർച്ച വേണ്ടെന്നാണ് പാർട്ടിക്കുള്ളിലേയും ധാരണ. പാർട്ടി നേതാക്കളും വക്താക്കളും ഈ ചർച്ചയോട് ചുമതലപ്പെടുത്തിയാൽ അല്ലാതെ പ്രതികരിക്കില്ല. അമിത് ഷായെ എന്തുകൊണ്ട് കൊവിഡ് പ്രതിരോധകാലത്ത് കാര്യമായി കാണുന്നില്ല എന്ന ചോദ്യത്തിന് പല വ്യഖ്യാനങ്ങൾ വന്നിരുന്നു. 

ഡോണൾഡ് ട്രംപിൻറെ സന്ദർശനദിനം തന്നെ ദില്ലിയിൽ കലാപം ഉണ്ടായതിലുള്ള നരേന്ദ്രമോദിയുടെ രോഷമാണ് പ്രകടമാകുന്നതെന്ന് വരെ വാദമുയർന്നു. കൊവി‍ഡ് പ്രതിരോധവും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ട പ്രധാന മന്ത്രിതല സമിതികളുടെ അധ്യക്ഷനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് നിയമിക്കപ്പെട്ടതും പലതരം അഭ്യൂഹങ്ങൾക്ക് വഴി തുറന്നു. 

രണ്ടാം മോദി സ‍ർക്കാരിൻ്റെ ആദ്യത്തെ പത്ത് മാസങ്ങളിൽ പലസമയത്തും പ്രധാനമന്ത്രിയേക്കാൾ കൂടുതൽ കേന്ദ്രസ‍ർക്കാരിന്റെ മുഖമായി നിന്നത് പലപ്പോഴും അഭ്യന്തരമന്ത്രിയായ അമിത്ഷായായിരുന്നു. എന്നാൽ ഷായ്ക്കും മോദിക്കും ഇടയിൽ വിഷയങ്ങളില്ലെന്നാണ് ആർഎസ്എസ് നേതാക്കളും നല്കുന്ന സൂചന. കഴിഞ്ഞ മൂന്നു നാല് ദിവസമായി നോർത്ത് ബ്ളോക്കിൽ അമിത് ഷാ സജീവമാണ്. നാലാം ഘട്ട ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശം തയ്യാറാക്കുന്നതിനുള്ള യോഗങ്ങൾ ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്നെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു