ദില്ലി: രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി. നിരവധി ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.

രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തെ ആശങ്കയിലാഴ്ത്തി നിരവധി ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി മതി എന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ അജയ് കുമാറുമായി അടുത്ത് ഇടപഴകിയ 30ഓളം പേരെ കണ്ടെത്തിയെന്നും ഇവര്‍ സെല്‍ഫ് ക്വാറന്‍റീനില്‍ ആണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. 

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനങ്ങളേക്കാള്‍ കഴി‍ഞ്ഞ  ഒരാഴ്ചക്കിടെ കേരളത്തിലും ബംഗാളിലും രോഗബാധ നിരക്ക് കൂടി. ഒരു ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കോടെയാണ്  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടത്. ഇന്നലെ 8909 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി ഏഴായിരത്തി അറൂനൂറ്റി പതിനഞ്ചായി.