15 വർഷത്തിന് മുകളിൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും, 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും വിലക്ക്
ദില്ലി: ദില്ലിയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നൽകരുതെന്ന നിയന്ത്രണം നടപ്പാക്കി തുടങ്ങി. 15 വർഷത്തിന് മുകളിൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും, 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് വിലക്ക്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ദില്ലിയിൽ പഴയ വാഹനങ്ങൾ നിരത്തിലിറക്കി വായുമലിനീകരണം രൂക്ഷമായതാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. വായുമലിനീകരണ മേൽനോട്ട സമിതിയുടെ നിർദേശപ്രകാരം നിശ്ചിത കാലാവധി കഴിഞ്ഞ പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ഇന്ന് മുതൽ എൻസിആർ മേഖലയിലെ ഒരു പമ്പിൽനിന്നും പെട്രോൾ നൽകിയില്ല. 62 ലക്ഷം വാഹനങ്ങളാണ് ദില്ലിയില്‍ കാലാവധി കഴിഞ്ഞതായി കണക്കിലുള്ളത്.
പഴയ വാഹനങ്ങളുമായി എത്തുന്നവരെ കണ്ടെത്താൻ പമ്പുകളിലെല്ലാം പ്രത്യേകം ക്യാമറകളും പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. പഴയ വണ്ടികളുമായി ഇന്ന് പമ്പിലെത്തിയ പലരും കുടുങ്ങി. പൊളിക്കാൻ സമയമായിട്ടും നിരത്തിലിറക്കിയ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഈ വാഹനങ്ങൾ പിഴയിട്ട് സ്ക്രാപ്പിംഗ് കേന്ദ്രത്തിലേക്ക് കൈമാറും. വാഹനത്തെ ആക്രിയായി കണക്കാക്കിയുള്ള തുക ഉടമയ്ക്ക് നല്കുമെന്നും ദില്ലി പോലീസ് അറിയിച്ചു. നടപടിയിൽ വാഹന ഉടമകളും പമ്പുടമകളും കടുത്ത പ്രതിഷേധം അറിയിച്ചു. ബിജെപിക്ക് സർക്കാറിനെ നയിക്കാനറിയില്ലെന്ന് വ്യക്തമായെന്ന് ആംആദ്മി പാർട്ടി വിമർശിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമേ നടപടികൊണ്ട് സാധിക്കൂവെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി.

