ഇറാനിലുള്ള കശ്മീർ സ്വദേശികളായ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ഒമർ അബ്ദുള്ള നിർദ്ദേശിച്ചു
ദില്ലി : സംഘർഷ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇറാനിലുള്ള കശ്മീർ സ്വദേശികളായ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ഒമർ അബ്ദുള്ള നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ വലിയ ആശങ്കയിലാണെന്നും എല്ലാ നടപടികളും സ്വീകരിക്കണമെന്നും എസ് ജയശങ്കറിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെയാണ് ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ വിപ്ലവസേനയുടെ തലവൻ അടക്കം ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തി. ഇറാന്റെ കിഴക്കൻ പ്രവിശ്യയിലെ മൂന്ന് സൈനിക കേന്ദ്രങ്ങളും ടെഹ്‌റാനിലെ ഇറാന്റെ വിപ്ലവ ഗാർഡിന്റെആസ്ഥാനവും ഉൾപ്പെടെ ഇസ്രായേൽ തകർത്തു. 'ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന് പേരിട്ട ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ-ഇൻ-ചീഫ് ഹൊസൈൻ സലാമി അടക്കം കൊല്ലപ്പെട്ടു. ഉന്നത സൈനിക, ആണവ ഉദ്യോഗസ്ഥർ തങ്ങിയ കേന്ദ്രം ഇസ്രയേൽ ബോംബിട്ട് തകർത്തുവെന്നാണ് വിവരം. നതാൻസ് അടക്കം ഇറാന്റെ സുപ്രധാന ആണവോർജ നിലയങ്ങൾ തകർന്നു.
ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായതിനാലാണ് ആക്രമണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണമെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ഭീഷണി മുഴക്കി. തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയിൽ ഇസ്രയേലി നഗരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.



