ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാതകൾ അടച്ചിരിക്കുകയാണ്
അബുദാബി: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ചില ഫ്ലൈറ്റുകൾ റദ്ദാക്കിയതായും ചില വിമാന സർവീസുകൾക്ക് കാലതാമസം നേരിട്ടതായും യുഎഇ എയർലൈൻസ് അധികൃതർ അറിയിച്ചു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാതകൾ അടച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം തുറക്കില്ലെന്ന അറിയിപ്പിനെ തുടർന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. തീരുമാനത്തെ തുടർന്ന് ബാധിതരായ യാത്രക്കാർക്ക് ബദൽ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും യാത്രക്കാർ ഇത്തിഹാദ് വെബ്‌സൈറ്റിലോ മറ്റോ അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഇന്ന് പുലർച്ചെ ഇറാൻ വ്യോമപാത താൽക്കാലികമായി അടച്ചതിനാൽ ചില ഫ്ലൈദുബായ് വിമാനങ്ങളുടെ സർവീസിനെയും ബാധിച്ചതായി ഫ്ലൈദുബായ് അധികൃതർ അറിയിച്ചു. അമ്മൻ, ബെയ്‌റൂട്ട്, ഡമാസ്കസ്, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിട്ടതായും എയർലൈൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്. മേഖലയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും അതനുസരിച്ച് വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


