ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പേരിൽ വ്യാജ എഐ വീഡിയോ പ്രചരിക്കുന്നു. വീഡിയോ പൂർണമായും വ്യാജമാണെന്നും ആരും വിശ്വസിക്കരുതെന്നും പി ഐ ബി ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നൽകി

ദില്ലി: ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ വീഡിയോ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാജ എഐ വീഡിയോ പ്രചരിക്കുന്നു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയുമായി ബന്ധപ്പെട്ടാണ് വ്യാജ എ ഐ വീഡിയോ പ്രചരിക്കുന്നത്. ഇന്ത്യയ്ക്ക് ആറ് വിമാനങ്ങളും നിരവധി സൈനികരും നഷ്ടപ്പെട്ടുവെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറയുന്നതായിട്ടാണ് എ ഐ ഉപയോഗിച്ചുള്ള വീഡിയോയിലുള്ളത്. വീഡിയോ പൂർണമായും വ്യാജമാണെന്നും ആരും വിശ്വസിക്കരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി ഐ ബി) ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നൽകി. ജനങ്ങൾ ഇത്തരം വ്യാജ വിവരങ്ങളിൽ വിശ്വസിക്കരുതെന്നും ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പിന്തുടരണമെന്നും പി ഐ ബി ആവശ്യപ്പെട്ടു.

Scroll to load tweet…

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയും

2025 ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന പഹൽഗാം ഭീകരാക്രമണം രാജ്യത്തെ നടുക്കുന്നതായിരുന്നു. ഈ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പഹൽഗാമിലെ ബൈസാരൻ പുൽമേടുകളിൽ നിന്ന് പാഞ്ഞെത്തി ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മതം ചോദിച്ചുള്ള ആക്രമണമായിരുന്നു നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വ്യക്തമാക്കി. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതോടെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട തിരിച്ചടി, പാകിസ്ഥാനിൽ കടന്ന് ഭീകരകേന്ദ്രങ്ങളടക്കം തകർത്താണ് ഇന്ത്യ അവസാനിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിലടക്കം ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. ആണവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് എന്നാണ് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.