ചെങ്കോട്ട സ്ഫോടന കേസിൽ പിടിയിലായവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘത്തിന് സംശയം. പാക് ഭീകര സംഘടനകൾക്ക് വേണ്ടി പ്രവർത്തിച്ച ഡോക്ടർമാർക്ക് വിദേശത്ത് നിന്നും ബോംബ് നിർമ്മാണ വീഡിയോകൾ ലഭിച്ചതായും കണ്ടെത്തി. 

ദില്ലി : ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി സംശയം. പിടിയിലായ മുസമ്മീൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിന്റെ ചില സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അൻസാർ ഗസ്വാത് അൽഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി. തുർക്കി അങ്കാറയിൽ നിന്നുള്ള ‘ഉകാസ’ എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടർമാരുടെയും ജെയ്ഷിന്റെയും അൻസാറിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചു.

വിദേശത്ത് നിന്നും ഭീകരർ ബോംബ് നിർമ്മാണത്തിന്റെ വീഡിയോകൾ ഡോക്ടർമാർക്ക് അയച്ചു കൊടുത്തു. ഇങ്ങനെയാണ് ബോംബ് നിർമ്മിച്ചതെന്നാണ് വിവരം. വിദേശത്തു നിന്ന് സ്ഫോടനം നിയന്ത്രിച്ച മൂന്ന് ഭീകരരുടെ പേരുകളാണ് ഏജൻസികൾക്ക് കിട്ടിയത്. ഇതിൽ ഉകാസ എന്നയാളാണ് തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് മുസമ്മീലിനെ കൊണ്ടു പോയത്. ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗിൻറെ പങ്കും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഒളിവിൽ പോയ ഭീകരനാണ് ബെയിഗ് ഇയാൾ അൽഫലാഹ് എഞ്ചിനീയറിംഗ് കൊളെജിലാണ് പഠിച്ചത്.

ചെങ്കോട്ട സ്ഫോടവുമായി ബന്ധപ്പെട്ട് ഉമർ നബിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് സംബന്ധിച്ച് അന്വേഷണ സംഘം റ്റയോട് വിശദാംശങ്ങൾ തേടി ഏജൻസി ഭീകര സംഘത്തിലെ മറ്റ് അംഗങ്ങളെ തേടി കാൺപൂരിലും പരിശോധന പുരോഗമിക്കുകയാണ്. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ഹാപ്പൂരിലെ ഡോക്ടറെ വിട്ടയച്ചു.

4 പേരെ കോടതി ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ചെങ്കോട്ട സ്ഫോടന കേസിൽ എൻഐഎ ഇന്നലെ അറസ്റ്റ് ചെയ്ത നാല് പേരെ കോടതി ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഡോ. മുസമ്മിൽ ഷഹീൻ, ഡോ. അദീൽ അഹമ്മദ്, വനിതാ ഡോക്ടർ ഷഹീൻ സയ്ദ്, മുഫ്തി ഇർഫാൻ അഹമ്മദ് എന്നിവരെയാണ് പത്ത് ദിവസം ചോദ്യം ചെയ്യാൻ എൻഐഎക്ക് കസ്റ്റഡി അനുവദിച്ചത്. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടത്. നേരത്തെ അമീർ റാഷിദ് അലി, സീർ ബിലാ വാനി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ആകെ 6 പേരുടെ അറസ്റ്റാണ് ഇതുവരെ കേസിൽ എൻഐഎ കേസിൽ രേഖപ്പെടുത്തിയത്.