ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. നെതന്യാഹുവിനോട് ഇന്ത്യയുടെ ആശങ്ക നരേന്ദ്രമോദി അറിയിച്ചു.

ദില്ലി: ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. നെതന്യാഹുവിനോട് ഇന്ത്യയുടെ ആശങ്ക നരേന്ദ്രമോദി അറിയിച്ചു. നിലവിലെ സാഹചര്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് നരേന്ദ്രമോദി ആവർത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഇറാൻ ഇസ്രയേൽ സംഘർഷത്തില്‍ പക്ഷം പിടിക്കാതെയാണ് ഇന്ത്യയുടെ പ്രതികരണം. രണ്ട് രാജ്യങ്ങളും സുഹൃത്തുക്കളെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയ വിദേശകാര്യമന്ത്രാലയം നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. അതേസമയം, ആണവ കേന്ദ്രങ്ങളിലടക്കമുള്ള ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ പാടില്ലെന്നും ചർച്ചയ്ക്കുള്ള സാധ്യത തേടണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. രണ്ട് രാജ്യങ്ങളുമായും അടുത്ത സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാൽ പ്രശ്നപരിഹാരത്തിന് എന്ത് പിന്തുണയും നല്‍കാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇറാനിലെ ഇന്ത്യക്കാർ തല്ക്കാലം താമസസ്ഥലത്ത് നിന്നും പുറത്ത് പോകുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാർ പ്രാദേശിക ഭരണകൂടത്തിൻ്റെ മുന്നറിയിപ്പുകൾ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു.

അതേസമയം, ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി രംഗത്തെത്തി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ വിമർശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുർക്കി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇസ്രയേൽ - ഇറാൻ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങവെ തുർക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്.

YouTube video player