തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ബിജെഡി മുൻ എംപി പിനാകി മിശ്രയെ വിവാഹം കഴിച്ചതായി റിപ്പോർട്ട്. 

ദില്ലി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായതായി റിപ്പോർട്ടുകൾ. ബിജെഡി മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമ്മനിയിലാണ് വിവാഹം നടന്നതെന്നാണ് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അറിയില്ല എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു തൃണമൂൽ എംപി പ്രതികരിച്ചത്.

മഹുവ മൊയ്ത്ര ജർമ്മനിയിൽ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും ദ ടെലിഗ്രാഫ് പുറത്ത് വിട്ടിട്ടുണ്ട്. ബിജു ജനതാദളിലെ പിനാകി മിശ്രയാണ് മഹുവയുടെ ഭർത്താവ്. അദ്ദേഹം പുരിയിൽ നിന്നുള്ള ലോക്സഭാ എംപിയായിരുന്നു. മഹുവ മൊയ്ത്ര മുൻപ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാർസ് ബ്രോർസനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടി. പിന്നീട് ഏകദേശം മൂന്ന് വർഷത്തോളം അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്രായിയുമായി ബന്ധത്തിലായിരുന്നു. ഇദ്ദേഹത്തെ ഉപേക്ഷിക്കപ്പെട്ട മുൻ കാമുകൻ എന്നാണ് അവർ പിന്നീട് വിശേഷിപ്പിച്ചത്.