ഗംഗോത്രി ക്യാമ്പിലാണ് ഇവർ ഉണ്ടായിരുന്നത്
ഉത്തരകാശി: ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികളെ എയർ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ. ഇവരെ ഉത്തരകാശിയിൽ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഓഫീസാണ് കേന്ദ്ര മന്ത്രിയെ ഇക്കാര്യം അറിയിച്ചത്.
ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളികളെയും എയർ ലിഫ്റ്റ് ചെയ്തു. ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചതായി മലയാളി സംഘത്തിൽപ്പെട്ടവരുടെ ബന്ധു അമ്പിളി പറയുന്നു. ആകെ 335 പേരെയാണ് എയർലിഫ്റ്റ് ചെയ്തത്. ഇതിൽ 119 പെരെ ഡെറാഡൂണിൽ എത്തിച്ചു. ഗംഗോത്രി ക്യാമ്പിലാണ് ഇവർ ഉണ്ടായിരുന്നത്.
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 60 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. അപകട സ്ഥലത്ത് 60 അടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെയും എത്തിച്ചിട്ടുണ്ട്.

