2006ൽ നടന്ന വിവാഹത്തിന് പിന്നാലെ തുടങ്ങിയ നിയമ നടപടികളിലാണ് ഇപ്പോൾ സുപ്രീ കോടതിയിൽ നിന്ന് തീർപ്പുണ്ടായിരിക്കുന്നത്.
ദില്ലി: വരനും വരന്റെ വീട്ടുകാരും സ്ത്രീധനമായി കൂടുതൽ സ്വർണം ചോദിച്ചതിന്റെ പേരിൽ മൂന്നാം ദിവസം ദമ്പതികൾ വേർപിരിഞ്ഞ സംഭവത്തിൽ 19 വർഷത്തിന് ശേഷം സുപ്രീം കോടതി വിധി. വരന് മൂന്ന് മാസം തടവ് ശിക്ഷയും ഒപ്പം വധുവിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും വേണമെന്നാണ് വിധി. പരാതിക്കാരി വർഷങ്ങൾക്ക് മുമ്പ് തന്നെ മറ്റൊരു വിവാഹം കഴിച്ച് ഇപ്പോൾ വിദേശത്ത് സ്ഥിര താമസമാണ്.
2006 ഫെബ്രുവരി മൂന്നാം തീയ്യതിയാണ് വിവാഹം നടന്നത്. തമിഴ്നാട്ടിലെ സൈദാപേട്ട് സ്വദേശിയായ വധുവിന്റെ രക്ഷിതാക്കൾ വധുവിന് 60 പവൻ സ്വർണവും വരന് 10 പവൻ സ്വർണവും നൽകി. ഐ.ടി ജീവനക്കാരനായ വരൻ തനിക്ക് 30 പവൻ കൂടി വേണമെന്ന് പിന്നീട് ആവശ്യപ്പെടുകയും ഇത് കിട്ടാതെ വധുവിന്റെ വീട്ടിൽ വെച്ച് വിവാഹ ശേഷം നടക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. 100 പവൻ സ്വർണം നൽകാത്തതിനാൽ വധുവിന്റെ വീട്ടിലെ റിസപ്ഷൻ ചടങ്ങിനിടെ വരന്റെ പിതാവ് വരനെ വേദിയിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി. അന്ന് കോർപറേറ്റ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന വധു പിന്നാലെ സ്ത്രീധന നിരോധന നിയമ പ്രകാരം കേസ് ഫയൽ ചെയ്തു.
കേസ് ആദ്യം പരിഗണിച്ച സൈദാപേട്ട് കോടതി വരന് മൂന്ന് വർഷം തടവും 3000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിന്നീട് അഡീഷണൽ സെഷൻസ് കോടതി ഈ ശിക്ഷ ശരിവെച്ചു. വരന്റെ അപ്പീൽ പരിഗണിച്ച മദ്രാസ് ഹൈക്കോടതി ശിക്ഷാ വിധി ശരിവെച്ചെങ്കിലും ശിക്ഷാ കാലയളവ് രണ്ട് വർഷമാക്കി കുറയ്ക്കുകയായിരുന്നു. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ വരൻ അപ്പീൽ നൽകി.
ഇയാളോട് കോടതി കീഴടങ്ങാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തോളം ജയിലിൽ കിടന്നു. പിന്നീട് സുപ്രീം കോടതി ജാമ്യം നൽകി. കേസിൽ വരൻ മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിച്ചതും കേസ് നടപടികൾ 19 വർഷം നീണ്ടുപോയതും പരിഗണിച്ചാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. മൂന്ന് ദിവസം മാത്രമാണ് വിവാഹ ബന്ധം നീണ്ടുനിന്നത്. ഇത്രയും വർഷം കൊണ്ട് വരനും വധുവും ജീവിതത്തിൽ രണ്ട് വഴികളിൽ ഏറെ മൂന്നോട്ട് പോവുകയും ചെയ്തു.
അതുകൊണ്ടുതന്നെ ജയിൽ ശിക്ഷയുടെ കാലയളവ്, ഇതിനോടകം ഇയാൾ ജയിലിൽ കിടന്ന കാലാവധിയായി കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ വധുവിന് നാല് ആഴ്ചയ്ക്കകം മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ഈ തുക വിചാരണ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും തുക പരാതിക്കാരിക്ക് ലഭിക്കുന്നുവെന്ന് കോടതി ഉറപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പണം നൽകാൻ തയ്യാറാവുന്നില്ലെങ്കിൽ കേസ് വീണ്ടും വിചാരണയ്ക്കായി പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
