കൈയില്‍ മൊബൈലുമായി ഗേറ്റ് കടന്ന് പുറത്തേക്ക് വരുന്ന വിശ്വാസ്. ആളുകള്‍ ഓടിക്കൂടുകയും, കൂട്ടികൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ
അഹമ്മബാദ് : അഹമ്മബാദില്‍ എയര്‍ ഇന്ത്യ വിമാനം വീണ ഹോസ്റ്റല്‍ പരിസരത്ത് നിന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് പുറത്തേക്ക് വരുന്ന പുതിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പിന്നില്‍ ആളിക്കത്തുന്ന തീയും, കറുത്ത പുകയും കാണാം. കൈയില്‍ മൊബൈല്‍ ഫോണുമായി ഗേറ്റ് കടന്ന് പുറത്തേക്ക് വരുന്ന വിശ്വാസ് രമേഷിനെ കണ്ട് ആളുകള്‍ ഓടിക്കൂടുകയും, പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് വിശ്വാസ് കുമാർ രമേഷ് എന്ന 40 വയസുകാരന് അവിശ്വസനീയമായാണ് ജീവൻ തിരികെ കിട്ടിയത്. ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മനോധൈര്യം വീണ്ടെടുത്താണ് വിശ്വാസ് ജീവിതത്തിലേക്ക് ഓടിക്കയറിയത്. ദാമൻ ആൻ ദിയു ദ്വീപിൽ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ 40 വയസ്സുകാരൻ വിശ്വാസ് കുമാർ രമേഷ് ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
20 വർഷമായി ബ്രിട്ടനിലാണ് വിശ്വാസും കുടുംബവും. ജന്മനാട്ടിലെത്തി തിരികെ സഹോദരൻ അജയ് കുമാർ രമേശിനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രയായിരുന്നു. തിരക്കായത് കൊണ്ടും അവസാനസമയത്തെ ബുക്കിംഗ് ആയതിനാലും സഹോദരനൊപ്പം ഒരുമിച്ച് സീറ്റ് കിട്ടിയില്ല. 11 എ വിൻഡോ സീറ്റിൽ വിശ്വാസ് ഇരുന്നപ്പോൾ മറ്റൊരു സീറ്റിലായിരുന്നു അജയ് കുമാർ.


