മാത്യു നെടുമ്പാറയാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് ഇന്ന് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജികള്‍ പുനപരിശോധിച്ച് വിധി പറയും വരെ സ്റ്റേ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ കോടതി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ജനുവരി 22 ന് മുമ്പ് ഇക്കാര്യത്തില്‍ ഇനിയൊരു വാദം കേള്‍ക്കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കുകയും ചെയ്തു. 

ദില്ലി: ഭരണഘടനാ ബഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ശബരിമല വിധിയിലെ പുനപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22 ന് മുന്പ് വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസമാണ് ശബരിമല ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി പറഞ്ഞത്. അതോടൊപ്പം സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. 

അയ്യപ്പ ഭക്തന്മാരുടെ ദേശീയ കൂട്ടായ്മയ്ക്ക് വേണ്ടി നേരത്തെ റിട്ട് ഹര്‍ജിയും റിവ്യൂ ഹര്‍ജിയും ഫയല്‍ ചെയ്ത് മാത്യു നെടുമ്പാറയാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് ഇന്ന് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജികള്‍ പുനപരിശോധിച്ച് വിധി പറയും വരെ സ്റ്റേ അനുവദിക്കണമെന്നും മാത്യു നെടുമ്പാറ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ജനുവരി 22 ന് മുന്പ് ഇക്കാര്യത്തില്‍ ഇനിയൊരു വാദം കേള്‍ക്കാന്‍ തയ്യാറല്ലെന്നും കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞിരിക്കുകയാണ്. 

ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗെഗോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സ്റ്റേ കാര്യത്തില്‍ തീരുമാനം വേണമെന്ന് അഭിഭാഷകന്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ രണ്ട് മിനിട്ട് അഭിഭാഷകന്‍ കോടതിയോട് ചോദിച്ചെങ്കിലും കോടതി അതിന് തയ്യാറാകാതെ മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു. 

ഇതോടെ മണ്ഡലകാലത്തിന് മുന്പ് യുവതി പ്രവേശം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായി. ഇതോടെ ഏത് പ്രയത്തിലുമുള്ള യുവതികള്‍ക്കും ശബരിമല ദര്‍ശനത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിനുള്ള ഉത്തരവാദിത്വം ഏറി. എന്നാല്‍ എന്ത് വില കൊടുത്തും യുവതികളെ മണ്ഡലകാലത്ത് ശബരിമല ചവിട്ടിക്കില്ലെന്ന നിലപാടിലാണ് സംഘപരിവാര്‍ സംഘടനകളും ബിജെപിയും. കൂടാതെ തന്ത്രി കുടുംബവും പന്തളം കുടുംബവും ഇക്കാര്യത്തില്‍ ഉറച്ച നിലപാടിലാണ്.