പാർട്ടിയുടെ പുതിയ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഖാർഗെയും രാഹുലും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും വിമർശിച്ചു.

ദില്ലി: ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കോൺ​ഗ്രസ് സർക്കാറിന്റെ നിലപാടിൽ രാഹുൽ ​ഗാന്ധിക്കും മല്ലികാർജുർ ഖാർ​ഗെക്കും അതൃപ്തിയെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാർട്ടിയുടെ പുതിയ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഖാർഗെയും രാഹുലും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും വിമർശിച്ചു. 

സർക്കാർ കൂടുതൽ വിവേകപൂർവം പ്രവർത്തിക്കേണ്ടിയുരുന്നുവെന്നും ഇരുവരും പറഞ്ഞു. മനുഷ്യജീവനുകൾ കോൺഗ്രസിന് വളരെ വിലപ്പെട്ടതാണെന്നും ഉത്തർപ്രദേശിലെ ബിജെപി സർക്കാരിൽ നിന്നും കേരളത്തിലെ ഇടതുപക്ഷ സർക്കാരിൽ നിന്നും കോൺ​ഗ്രസ് സർക്കാർ വ്യത്യാസപ്പെട്ടിരിക്കണമെന്നും രാഹുൽ ഗാന്ധി ഇരു നേതാക്കളോടും പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. 

കുംഭമേള ദുരന്തത്തിൽ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഉത്തരവാദിത്തമേൽക്കാത്ത ബിജെപി സർക്കാറിനെപ്പോലെയോ ശബരിമല ദുരന്തത്തിൽ ഉത്തരവാദിത്തമേൽക്കാത്ത ഇടതുസർക്കാറിനെപ്പോലെയോ അല്ല കോൺ​ഗ്രസ് സർക്കാറെന്നും മനുഷ്യജീവനുകൾ കോൺഗ്രസ് പാർട്ടിക്ക് വളരെ വിലപ്പെട്ടതാണെന്നും സർക്കാർ ജനങ്ങളോട് ഉത്തരം പറയണമെന്നും രാഹുൽ ഗാന്ധി മുഖ്യമന്ത്രിയോടും പിസിസി പ്രസിഡന്റിനോടും പറഞ്ഞു. 

ജനപക്ഷ സമീപനം നിലനിർത്താനും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന വീഴ്ചകൾ ഒഴിവാക്കാനും കോൺഗ്രസ് നേതൃത്വം സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ചു. സിദ്ധരാമയ്യയുടെ കുംഭമേള പരാമർശത്തിലും പാർട്ടിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.