മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ (ബികെസി) നിര്‍മിക്കാനൊരുങ്ങുന്ന പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ രൂപരേഖ പുറത്തുവിട്ട് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ.

മുംബൈ: മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ (ബികെസി) നിര്‍മിക്കാനൊരുങ്ങുന്ന പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ രൂപരേഖ പുറത്തുവിട്ട് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ. പുറത്തേക്ക് ചരിഞ്ഞുനില്‍ക്കുന്ന മുകള്‍ഭാഗവും, ചില്ലുകൊണ്ടുള്ള താഴ്ഭാഗവും, ദേശീയപതാകയുടെ നിറങ്ങളിലുള്ള വരകളുമായി പ്രമുഖ ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്. ആഗോള സാമ്പത്തിക വിപണികളില്‍ ഇന്ത്യയ്ക്കു വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിന്‍റെയും പ്രതീകമാകാനാണ് പുതിയ കെട്ടിടം ലക്ഷ്യമിടുന്നതെന്ന് എന്‍എസ്ഇ വ്യക്തമാക്കി.

പുറത്തേക്ക് ചരിഞ്ഞ മുകള്‍ഭാഗം; രാത്രിയില്‍ വെളിച്ചത്തിന്‍റെ ഭംഗി

ചില്ലുകൊണ്ടുള്ള താഴത്തെ ഭാഗത്തിനു മുകളിലായി, പുറത്തേക്ക് ചരിഞ്ഞുനില്‍ക്കുന്ന രീതിയിലാണ് കെട്ടിടത്തിന്‍റെ മുകള്‍ഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്. പുറംഭാഗത്ത് കാവി, വെള്ള, പച്ച നിറങ്ങളിലുള്ള തിരശ്ചീന വരകള്‍ കാണാം. രാത്രിയില്‍ കെട്ടിടം ദീപാലങ്കാരത്തോടെ തിളങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ട വീഡിയോയിലുണ്ട്. തറനിരപ്പില്‍ ഭൂഗോളത്തിന്‍റെ ആകൃതിയില്‍ സ്‌ക്രീന്‍ ഒരുക്കും. 10,995 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പുതിയ ആസ്ഥാനം. മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെവലപ്‌മെന്‍റ് അതോറിറ്റി 80 വര്‍ഷത്തെ പാട്ടത്തിനാണ് ഈ സ്ഥലം അനുവദിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ചിന്‍റെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും പുതിയ പദ്ധതി സഹായകമാകുമെന്ന് എന്‍എസ്ഇ അറിയിച്ചു. എന്നാല്‍ നിര്‍മാണച്ചെലവ്, കെട്ടിടത്തിന്‍റെ ആകെ തറവിസ്തീര്‍ണം, നിര്‍മാണം പൂര്‍ത്തിയാകുന്ന തീയതി എന്നിവ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

എന്തുകൊണ്ട് ബികെസി?

മുംബൈയിലെ പ്രധാന സാമ്പത്തിക, വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്. നഗരത്തിന്‍റെ തെക്കന്‍ ഭാഗത്ത് ഓഫിസുകള്‍ കേന്ദ്രീകരിക്കുന്നതു കുറയ്ക്കുന്നതിനായി എംഎംആര്‍ഡിഎ വികസിപ്പിച്ച സ്ഥലമാണിത്. എന്‍എസ്ഇയുടെ നിലവിലെ കെട്ടിടവും ബികെസിയിലാണ്. നിരവധി ബാങ്കുകളുടെ ആസ്ഥാനങ്ങളും ഇവിടെയുണ്ട്. കോംപ്ലക്‌സിലെ വിവിധ ഓഫിസുകളിലായി നാലു ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്നതായാണ് കണക്ക്.

YouTube video player