മുഖ്യമന്ത്രി പുഷ്കർ ധാമിയുമായി സംസാരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം ഉണ്ടായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പുഷ്കർ ധാമിയുമായി സംസാരിച്ചതായും രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
ഉത്തരകാശിയിലെ ധരാലിയിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. സംഭവത്തിൽ നാലുപേര്‍ മരിച്ചതായാണ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചിരിക്കുന്നത്. 60 ലധികം പേരെ കാണാതായെന്നാണ് പ്രാഥമിക നിഗമനം. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകളും നിരവധി കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തകരും സൈന്യവും 3 ഐടിബിപി സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ നിന്നുള്ള എംപി മാർ അമിത് ഷായെ കണ്ടു. രക്ഷപ്രവർത്തനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. മൂന്ന് ഐടിബിപി സംഘത്തെയും നാല് എന്‍ഡിആര്‍എഫ് സംഘത്തേയും അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു എന്ന് അമിത് ഷാ പറഞ്ഞു. 150 സൈനികർ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
