കേസിലെ മുഖ്യപ്രതിയായ ഉമർ ഉൻ നബി ഉൾപ്പെടെയുള്ള ഭീകരർ ആക്രമണത്തിന് മുൻപായി രണ്ട് വർഷത്തോളം ദില്ലിയിൽ വിശദമായ പരിശോധനയും നിരീക്ഷണവും നടത്തിയതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു
ദില്ലി : ചെങ്കോട്ട സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച 7500 പേജുള്ള കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബിയാണ് സ്ഫോടനത്തിന്റെ മുഖ്യ നടത്തിപ്പുചുമതല വഹിച്ചിരുന്നതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
വർഷങ്ങളോളം ഡൽഹിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇയാൾ, നിരോധിത ഭീകരസംഘടനയായ അൻസാർ ഗസാവത്ത് അൽ ഹിന്ദിന്റെ വിവിധ കണ്ണികളെ പരസ്പരം കോർത്തിണക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അൽഖ്വയ്ദയുമായി ഈ സംഘടനയ്ക്കുള്ള ബന്ധവും അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഭീകരവാദ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി സിഗ്നൽ ഉൾപ്പെടെയുള്ള എൻക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകളാണ് പ്രതികൾ രഹസ്യ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്നത്. സായുധ പോരാട്ടങ്ങളെ പ്രകീർത്തിക്കുന്ന ഒട്ടനവധി രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്നും ശേഖരിച്ച അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് ഉമർ നബിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതെന്ന് അന്വേഷണ ഏജൻസി ഉറപ്പുവരുത്തിയത്.
സ്ഫോടനം നടപ്പിലാക്കാനുള്ള അന്തിമ കമാൻഡ് ലഭിച്ചതും വാഹനത്തിനുള്ളിൽ നിന്നുതന്നെയാണെന്ന് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. ഈ കമാൻഡ് നടപ്പിലാക്കിയതും സ്ഫോടനം നിയന്ത്രിച്ചതും ഉമർ നബി നേരിട്ടാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് ഈ സമഗ്രമായ 7500 പേജുള്ള കുറ്റപത്രം എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്.

