അഗര്‍ത്തല: വധുവരന്‍മാരടക്കം മാസ്‍ക് ധരിച്ചും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചും ശ്രദ്ധേയമായി ലോക്ക് ഡൗണ്‍ കാലത്തെ ത്രിപുരയിലെ ആദ്യ വിവാഹം. സബ് ഡിവിഷനല്‍ മജിസ്‍ട്രേറ്റിന്‍റെ പ്രത്യേക അനുമതിയോടെ നടന്ന വിവാഹം അധികൃതര്‍ നല്‍കിയ ഏഴ് നിര്‍ദേശങ്ങളും പാലിച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെറും 20 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

കയറ്റുമതി വ്യാപാര കേന്ദ്രത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന സണ്ണി സുത്രധാറും നീന്തല്‍ പരിശീലകയായ സുബ്ര ഷില്ലുമാണ് വിവാഹിതരായത്. അഗര്‍ത്തലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഗോമതി ജില്ലയിലെ പര്‍ബ ഗാക്കല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഇരുവരും ദില്ലിയിലാണ് ജോലി ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇവര്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ലോക്ക് ഡൗണ്‍ ആണെങ്കിലും വിവാഹവുമായി മുന്നോട്ടുപോകാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിക്കുകയായിരുന്നു. 

വിവാഹത്തിനായി പ്രത്യേക അനുമതി വാങ്ങിയിരുന്നു. പല പരമ്പരാഗത ആചാരങ്ങളും ഒഴിവാക്കിയായിരുന്നു വിവാഹം. സാമൂഹിക അകലം പാലിച്ചും മാസ്‍ക് ധരിച്ചുമാണ് എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് കുടുംബങ്ങളില്‍ നിന്നുമായി 20 പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ എന്നും സണ്ണി പറഞ്ഞു. 

സല്‍ക്കാരം ഒഴിവാക്കുന്നത് അടക്കം ഏഴ് നിബന്ധനകളോടെയാണ് വിവാഹത്തിന് അനുമതി നല്‍കിയത്. ഒരു വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ മാത്രമെ പാടുള്ളൂ. എല്ലാവരും മാസ്‍ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഹാന്‍‍ഡ് വാഷും ഹാന്‍ഡ് സാനിറ്റൈസറും ഉണ്ടായിരിക്കണം. സാമൂഹിക അകലം പാലിക്കണം തുടങ്ങിയവയായിരുന്നു നിബന്ധനകളെന്നും മജിസ്‍ട്രേറ്റ് അനിരുദ്ധ റോയ് വ്യക്തമാക്കി.