ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കൂടുതൽ നടപടി. ഒരു ടിവികെ പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കരൂർ സ്വദേശി പൗൻ രാജ് ആണ് കസ്‌റ്റഡിയിൽ ഉളളത്. പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെ അറസ്റ്റ്. റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആണ് ഫെലിക്സ് ജെറാൾഡ്. സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇയാൾ.
അതേ സമയം, ഇന്നലെ അറസ്റ്റിലായ ടിവികെ നേതാവ് മതിയഴകനെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ദിണ്ടികലിൽ വച്ചായിരുന്നു അറസ്റ്റ്. ഇതിനു പുറമെ ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിർമ്മൽ കുമാർ എന്നിവരെ, അറസ്റ്റ് ചെയ്യാനും സാധ്യത ഉണ്ട്. നിലവിൽ ഇരുവരും ഒളിവിൽ ആണ്.
കരൂരിൽ ഇന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സന്ദർശിക്കും. കോയമ്പത്തൂരിൽ വിമാനം ഇറങ്ങുന്ന കെ. സി. 11 മണിയോടെ സ്ഥലത്തെത്തും. ദുരന്തത്തിന് പിന്നാലെ രാഹുൽഗാന്ധി വിജയെ വിളിച്ച് സംസാരിച്ചിരുന്നു. സ്ഥലത്ത് എത്തുന്ന കേസി വേണുഗോപാൽ എന്തായിരിക്കും പറയുക എന്നുള്ളതാണ് ആകാംക്ഷ. ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് തുടരുകയാണ്. എത്രയും വേഗത്തിൽ റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വിജയിയുടെ കരൂറിലേക്കുള്ള വരവ് സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ വന്നേക്കും. ചികിത്സയിൽ കഴിയുന്ന കൂടുതൽ പേര് ആശുപത്രി വിടുന്നത് തുടരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ദുരന്തവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവറുടെ അറസ്റ്റ് തുടരും എന്നാണ് പോലീസ് വ്യക്ത മാക്കുന്നത്.



