ഈ മാസം മൂന്നാം തീയതിയാണ് പ്രതികൾ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. വിവാഹ വീട്ടിലെത്തിയ പെൺകുട്ടികളെ പ്രതികളിൽ ഒരാൾക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇവര്‍ ഒരേ ഗ്രാമത്തില്‍ ഉള്ളവരാണ്.

ഗഞ്ജാം: കല്യാണ വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒഡിഷയിലെ ഗഞ്ജാമിലാണ് കൊടും ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഞ്ജാമിലെ ഗ്രാമത്തിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് പതിനാലും, പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ വിശാഖപട്ടണത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഈ മാസം മൂന്നാം തീയതിയാണ് പ്രതികൾ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. വിവാഹ വീട്ടിലെത്തിയ പെൺകുട്ടികളെ പ്രതികളിൽ ഒരാൾക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇവര്‍ ഒരേ ഗ്രാമത്തില്‍ ഉള്ളവരാണ്. ഈ പരിചയംവെച്ചാണ് പ്രതി കുട്ടികളെ വിവാഹ ആഘോഷത്തിനിടെ കല്യാണവീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രതിയുടെ സുഹൃത്തും കൂടെയുണ്ടായിരുന്നു. പെൺകുട്ടികളുമായി ഒഴിഞ്ഞ സ്ഥലത്തേക്ക് യുവാവ് പോയി. ഈ സമയം രണ്ട് പേർ കൂടി സ്ഥലത്തെത്തി. തുടർന്ന് നാല് പേരും ചേർന്ന് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടികളെ കാണാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് കല്യാണ വീടിന് തൊട്ടടുത്തുള്ള വിജനമായ സ്ഥല്തത് വെച്ച് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തങ്ങള്‍‌ എത്തുമ്പോൾ പ്രതികള്‍ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കപ്പെട്ടെന്നും ബന്ധുക്കൾ പറഞ്ഞു. നാട്ടുകാരെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. 

തുടർന്ന് പെൺകുട്ടികൾ ജൂണ്‍ നാലിന് തന്നെ ഗൊലന്ത്ര പൊലീസിൽ പരാതി നൽകി. ആറാം തീയതി പെൺകുട്ടികളെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി. കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. വിശാഖപട്ടണത്തിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് ബ്രഹ്‌മപുര്‍ എസ്പി ശ്രാവണ്‍ വിവേക് അറിയിച്ചു.