ക്രെറ്റ, കിയ സെൽട്ടോസ്, ഹാരിയർ, ഫോർച്യൂണർ തുടങ്ങിയ എസ്.യു.വികൾക്ക് ഉയർന്ന വില നൽകണം. റോയൽ എൻഫീൽഡ് ഹിമാലയൻ അടക്കമുള്ള 350 സിസിയിൽ കൂടുതലുള്ള മോട്ടോർ സൈക്കിളുകൾക്കും 40 ശതമാനം ജിഎസ്ടി അടയ്ക്കണം.

സെപ്തംബർ 22 തിങ്കളാഴ്ച മുതൽ രാജ്യത്ത് പുതുക്കിയ നികുതി നിരക്കുകൾ നിലവിൽ വരികയാണ്. സാധാരണക്കാർക്ക് നിരവധി സാധനങ്ങൾ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന തരത്തിലാണ് പുതിയ പരിഷ്കാരം എത്തുന്നത്. നികുതി നിരക്ക് 18 ശതമാനം, 5 ശതമാനം, 40 ശതമാനം എന്നീ സ്ലാബുകളിൽ പരി​ഗണിക്കുന്നു എന്ന ജിഎസ്ടി കൗൺസിലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്.

ഇനി എന്തൊക്കെ സാധനങ്ങൾക്കാണ് വില കുറയുന്നത് എന്നും കൂടുന്നത് എന്നും നോക്കാം.

പായ്ക്ക് ചെയ്ത ഭക്ഷണ പഥാർത്ഥങ്ങൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു തുടങ്ങിയ സാധങ്ങളാണ് വില കുറയുന്നതിൽ സാധാരണക്കാർക്ക് പ്രയോചനമാകുന്നവ.

ഹോം അപ്ലയൻസസിലും വിലക്കുറവുണ്ടാകും. എയർ കണ്ടീഷണറുകളുടെ വില 4500 രൂപവരെ കുറയുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. ഡിഷ്‍വാഷറുകൾക്ക് 8000 രൂപയോളം വ്യത്യാസമുണ്ടാകും. ഈ ഇനങ്ങളിൽ 28 ശതമാനമുണ്ടായിരുന്ന ജിഎസ്ടി നിരക്കാണ് 18 ശതമാനത്തിലേക്ക് കുറയുന്നത്.

വോൾട്ടാസ്, ഡെയ്കിൻ, ​ഗോദറേജ്, ഹയർ തുടങ്ങിയ ലീഡിങ് കമ്പനികൾ ഇതിനോടകം തന്നം പുതുക്കിയ വില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സെപ്തംബർ 22 തിങ്കളാഴ്ച മുതൽ പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരും. നവരാത്രി ദിവസം ആരംഭിക്കുന്ന പുത്തൻ സീസണിൽ വിൽപന ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ. സിമന്റ്, ​ഗ്രാനൈറ്റ് എന്നിവയുടെ വിലയിലും കുറവുണ്ടാകും,

ഉൽപനങ്ങളുടെ വില കുത്തനെ കുറയ്ക്കുന്നതായി അമുലും അറിയിച്ചതോടെ പുതിയ ഉണർവിലാണ് വിപണി. അമുലിന്റെ 700 ഉൽപ്പന്നങ്ങളുടെ വിലയിലാണ് മാറ്റമുണ്ടാകുന്നത്.

ഏറ്റവും ആകർഷണീയ വിലക്കുറവ് കാറുകളുടെ കാര്യത്തിലാണ് ഉള്ളത്. ഇടത്തരം വാഹനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നിരക്കിലേക്ക് എന്ന കണക്കിലേക്കാണ് വരുന്നത്. 4 മീറ്ററിൽ താഴെ നീളമുള്ള 1200 സിസി പെട്രോൾ കാറുകളുടെയും 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകളുടെയും വില കുറയുമെന്നാണ് ജിഎസ്ടി കൗൺസിൽ അറിയിച്ചിരുന്നത്. ഇത്തരം കാറുകൾ 18 ശതമാനം ജിഎസ്ടി സ്ലാബിലേക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. മാരുതി, ജീപ് അടക്കമുള്ള കാർ നിർമ്മാണ കമ്പനികൾ നിരക്ക് കുറവ് പ്രഖ്യാപിച്ചുകഴിഞ്ഞു. എസ്-പ്രസോ, ഓൾട്ടോ കെ10, ഹ്യുണ്ടായ് ഐ20, ടാറ്റ ആൾട്രോസ്, ക്വിഡ്, എക്സ്റ്റർ, ​ഗ്രാന്റ് വിതാര, സെലേറിയോ, വാ​ഗൺ ആർ, ഇ​ഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ജിംനി, എർട്ടി​ഗ, ബ്രസ തുടങ്ങിയ കാറുകൾക്ക് വില കുറയും.

എന്നാൽ പ്രീമിയം വാഹനങ്ങൾ വാങ്ങുന്നവർക്ക് പുതിയ നിരക്ക് തിരിച്ചടിയാവും. 4000 മില്ലീമീറ്ററിൽ കൂടുതൽ നീളമുള്ള എല്ലാ കാറുകൾക്കും ഇനി 40 ശതമാനം ജിഎസ്ടി നൽകേണ്ടിവരും. ക്രെറ്റ, കിയ സെൽട്ടോസ്, ഹാരിയർ, ഫോർച്യൂണർ തുടങ്ങിയ എസ്.യു.വികൾക്ക് ഉയർന്ന വില നൽകണം. റോയൽ എൻഫീൽഡ് ഹിമാലയൻ അടക്കമുള്ള 350 സിസിയിൽ കൂടുതലുള്ള മോട്ടോർ സൈക്കിളുകൾക്കും 40 ശതമാനം ജിഎസ്ടി അടയ്ക്കണം.

കാർഷിക ആവശ്യത്തിനായുള്ള ഉപകരണങ്ങൾ വെണ്ണ, നെയ് ഉൾപ്പെടെയുള്ള പാലുൽപന്നങ്ങൾ, ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, നാപ്കിൻ, ഡയപ്പർ, പേന, സ്കൂൾ ബാ​ഗുകൾ, വിവിധയിനം സ്യൂട്ട്കെയ്സുകൾ, ബാ​ഗുകൾ, 32 ഇഞ്ചിന് മുകളിലുള്ള ടിവി, മോണിറ്റർ, തുടങ്ങിയവയുടെ വില കുറയും. ലൈഫ്- ആരോ​ഗ്യ- ജനറൽ ഇൻഷുറൻസ് പോളിസികളുടെയും ജീവൻ രക്ഷാ മരുന്നുകളുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുമുണ്ട്.

റെയിൽനീരിന്റെ വിലയിലും കുറവുണ്ടാകുമെന്ന് റെയിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലിറ്ററിന് ഒരു രൂപയുടെ മാറ്റമാണുണ്ടാവുക. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിൽപനയ്ക്കെത്തുന്ന റെയിൽവേയുടെ ലിസ്റ്റിലുള്ള പല ഡ്രിങ്കിങ് വാട്ടറുകളുടെ വിലയിലും കുറവുണ്ടാകും.

ഡിസ്കൗണ്ട് ഉള്ള സാധനങ്ങൾക്ക് ഡിസ്കൗണ്ട് കിഴിച്ചുള്ള വിലയ്ക്കാണ് ജിഎസ്ടി നൽകേണ്ടത്.

പുകയില, പാൻമസാല, ലോട്ടറി, ആഢംബര വാഹനങ്ങൾ‌, ഓൺ​ലൈൻ ​ഗെയ്മിങ് പ്ലാറ്റ്ഫോമുകൾ, കാർണബേറ്റ് ഡ്രിങ്സ്, ഫ്ലേവേഡ് ഡ്രിങ്സ് എന്നിവയ്ക്ക് വില കൂടും. ക്രിക്കറ്റ് ആരാധകർക്ക് പുതുക്കിയ ജിഎസ്ടി നിരക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. പ്രീമിയം സ്പോർട്സ് ഇവന്റുകളുടെ ജിഎസ്ടി 28 ശതമാനത്തിൽനിന്ന് 40 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ഇതോടെ ഐപിഎൽ മത്സരങ്ങളടക്കം തത്സമയം സ്റ്റേഡിയത്തിൽ കാണാൻ കൂടുതൽ പണം നൽകേണ്ടി വരും. ലോട്ടറി ടിക്കറ്റിന്റെ വില വർധന പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വസ്ത്രങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് 18 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 2,500 രൂപയിൽ കൂടുതലുള്ള വസ്ത്രങ്ങൾക്കാണ് ഇത് ബാധകമാവുക.

അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ചെറിയ വാഹനങ്ങൾ എന്നിവയുടെ വില കുറയുന്നത് വിപണിയെ ഉണർത്തുമെന്നാണ് പ്രതീക്ഷ. ഓഹരി വിപണിയിലും കുതിപ്പുണ്ടാകാൻ സാധ്യതയുണ്ട്. ഓട്ടോ, കൺസ്യൂമർ ​ഗുഡ്സ് എന്നിവയുടെ ഓഹരികൾ നേട്ടം കൈവരിച്ചേക്കും. ജിഎസ്ടി കൗൺസിലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ നിഫ്റ്റിയിൽ ഇതിന്റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. പുതിയ പരിഷ്കാരം ഇന്ത്യയുടെ ജിഎസ്ടി വളർച്ചയെ ഉത്തേജിപ്പിക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.