സ്കോട്ട്ലാൻഡ്: തീരത്ത് ചത്തടിഞ്ഞ തിമിം​ഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 100 കിലോയിലധികം മാലിന്യങ്ങൾ. സ്കോട്ട്ലാൻഡിലെ ഹാരിസ് ദ്വീപിലെ കടൽത്തീരത്താണ് കഴിഞ്ഞ ദിവസം 20 ടൺ ഭാരമുള്ള തിമിം​ഗലത്തിന്റെ ശവശരീരം കണ്ടെത്തിയത്. പ്ലാസ്റ്റിക് കപ്പുകള്‍, ബാഗുകള്‍, മീന്‍പിടിക്കുന്ന വലകള്‍, കയര്‍ തുടങ്ങി നിരവധി മാലിന്യങ്ങളാണ് പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം നടത്തിയതിനെ തുടർന്നാണ് വയറ്റിൽ നിന്ന് ഇത്രയധികം മാലിന്യങ്ങൾ കണ്ടെത്തിയത്. കടലിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ നേർക്കാഴ്ചയാണ് ഇതെന്ന് വിദ​ഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. 

വയറ്റിലെത്തിയ പ്ലാസ്റ്റിക് മൂലം തിമിം​ഗലത്തിന്റെ ദഹനപ്രക്രിയ തകരാറിലാകുകയായിരുന്നു. ആമാശയത്തിൽ ഈ വസ്തുക്കൾ നിറഞ്ഞതോടെ സഞ്ചരിക്കാൻ സാധിക്കാതെയാണ് തിമിം​ഗലം ചത്തത്. വയറ്റിലെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം കൂടിച്ചേർന്ന് പന്തിന്റെ രൂപത്തിലെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഈ തിമിം​ഗലത്തിന്റെ ഫോട്ടോയും വാർത്തയും വ്യാപകമായി പ്രചരിക്കുകയാണ്. കടൽ നേരിടുന്ന മാലിന്യപ്രശ്നം ആ​ഗോള ഭീഷണിയായി മാറുന്നുണ്ടെന്ന് സ്കോട്ടിഷ് മറൈൻ അനിമൽ സ്ട്രാൻഡിം​ഗ് സ്കീം എന്ന സംഘടന വെളിപ്പെടുത്തി. കടൽത്തീരത്ത് നിന്നും തിമിം​ഗലത്തെ മാറ്റാൻ സാധിക്കാത്തത് മൂലം അവിടെത്തന്നെ സംസ്കരിക്കുകയാണുണ്ടായത്. ഇത്തരം സംഭവങ്ങൾ പലയിടത്തും ആവർത്തിക്കുന്നുണ്ട്.