'സീക്രട്ട് സര്‍വീസ് ഏജന്‍റ് ഡി ജെ ഡാനിയേലിനെ പ്രസിഡന്‍റ് ട്രംപ് ഓവല്‍ ഓഫീസിലേക്ക് ക്ഷണിക്കുന്നു' എന്നായിരുന്നു വൈറ്റ് ഹൗസ് പങ്കുവെച്ച വീഡിയോയിലെ കുറിപ്പ്.

വാഷിങ്ടണ്‍: യുഎസ് സീക്രട്ട് സര്‍വീസിലെ ഓണററി അംഗമായ 13 കാരന്‍ ഡി ജെ ഡാനിയേല്‍ ട്രംപിനെ സന്ദര്‍ശിച്ചു. ഡാനിയേലും കുടുംബാംഗങ്ങളും ഓവല്‍ ഓഫീസില്‍ എത്തിയാണ് ട്രംപിനെ കണ്ടത്. ഡാനിയേല്‍ ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപിനെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറ്റ് ഹൗസ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 

'സീക്രട്ട് സര്‍വീസ് ഏജന്‍റ് ഡി ജെ ഡാനിയേലിനെ പ്രസിഡന്‍റ് ട്രംപ് ഓവല്‍ ഓഫീസിലേക്ക് ക്ഷണിക്കുന്നു' എന്നായിരുന്നു വൈറ്റ് ഹൗസ് പങ്കുവെച്ച വീഡിയോയിലെ കുറിപ്പ്. 'ഞാന്‍ താങ്കള്‍ക്ക് വേണ്ടി മറ്റൊരു കാര്യം കൂടി കൊണ്ടുവന്നിട്ടുണ്ട്, ഒരു വലിയ ആലിംഗനം' എന്ന് പറഞ്ഞാണ് ഡാനിയേല്‍ ട്രംപിനെ കെട്ടിപ്പിടിച്ചത്. 

അര്‍ബുദത്തെ അതിജീവിച്ച ഈ 13 കാരന്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. 13 കാരനെ യുഎസ് സീക്രട്ട് സര്‍വീസിലെ ഓണററി അംഗമാക്കാനുള്ള ട്രംപിന്‍റെ തീരുമാനവും വലിയ വാര്‍ത്തയായിരുന്നു. 2018 ലാണ് ഡാനിയേലിന് ക്യാന്‍സര്‍ ബാധിക്കുന്നത്. അവന്‍ അഞ്ചുമാസം മാത്രമേ ജീവിക്കൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തലച്ചോറിനെയും സൂഷുമ്ന നാഡിയേയുമാണ് ക്യാന്‍സര്‍ ബാധിച്ചത്. എന്നാല്‍ ഡാനിയേല്‍ ക്യാന്‍സറിനെ അതിജീവിച്ചു. യുഎസ് സീക്രട്ട് സര്‍വീസിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി.

സംയുക്ത സെഷനില്‍ വെച്ചാണ് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ ഡാനിയേലിന് ഓണററി അംഗത്തിനുള്ള ബാഡ്ജ് നല്‍കിയത്. ഇതോടെ ഡാനിയേലിന്‍റെ കുഞ്ഞുനാള്‍ മുതലുള്ള ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടു.

Read More:'ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കും': അന്ത്യശാസനവുമായി ട്രംപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം