മത്സരശേഷം മൈതാനത്തേക്ക് ഓടിയടുത്ത ആരാധകരെ പിന്തിരിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതെന്ന് കരുതുന്നു. 


ജക്കാർത്ത: ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജാവയ്ക്ക് സമീപം മലംഗ് നഗരത്തില്‍ നടന്ന ഫുട്ബോൾ മത്സരത്തിന് ശേഷം ഇരുടീമുകളുടെയും ആരാധകര്‍ മൈതാനത്ത് നടത്തിയ അക്രമത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 17 പേര്‍ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ദുരന്തങ്ങളുടെ പട്ടികയിലാണ് ഇന്തോനേഷ്യയിലെ ഈ ഫുട്ബോള്‍ അപകടവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിലെയും കായിക ഉദ്യോഗസ്ഥരുടെയും ഒരു ടീമിനെ മലംഗ് നഗരത്തിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.

കൊല്ലപ്പെട്ട 17 കുട്ടികളിൽ ആൺകുട്ടികളും പെണ്‍കുട്ടികളും ഉൾപ്പെടുന്നുവെന്ന് വനിതാ ശാക്തീകരണ-ശിശു സംരക്ഷണ മന്ത്രാലയത്തിന്‍റെ കണക്കുകൾ ഉദ്ധരിച്ച് സംസ്ഥാന വാർത്താ ഏജൻസി അന്‍റാര റിപ്പോര്‍ട്ട് ചെയ്തു. പതിനേഴ് കുട്ടികൾ മരിച്ചപ്പോള്‍ ഏഴ് കുട്ടികള്‍ ചികിത്സയിലാണ്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുന്നുവെന്നും മന്ത്രാലയ ഉദ്യോഗസ്ഥൻ നഹർ കൂട്ടിച്ചേര്‍ത്തു. 

മത്സരശേഷം മൈതാനത്തേക്ക് ഓടിയടുത്ത ആരാധകരെ പിന്തിരിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതെന്ന് കരുതുന്നു. കണ്ണീര്‍ വാതകം ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ സ്റ്റേഡിയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പേട്ടാണ് മരണം. തിക്കിലും തിരക്കിലും പെട്ട് താഴെ വീണ ആളുകളുടെ മുകളില്‍ കൂടി മറ്റുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് ദുരന്തം വലുതാക്കി. 

പെർസെബയ സുരബായ, അരേമ എഫ്‌സി എന്നീ ടീമുകളാണ് അപകടത്തിന് മുമ്പ് മൈതാനത്ത് കളിച്ചിരുന്നത്. ഇന്‍ന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരങ്ങളുടെ പേരില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് അന്നേ മത്സരത്തിന് പെർസെബയ ആരാധകർക്ക് ടിക്കറ്റ് നൽകിയിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാല്‍, മത്സര ശേഷം ഹോം ടീമായ അരേമ എഫ്‌സി, പെർസെബയ സുരബായയോട് 3-2 ന് പരാജയപ്പെട്ടു. ഇതിന് പിന്നാലെ അരേമയുടെ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ച് കയറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതും സംഭവം കൂടുതല്‍ സങ്കീര്‍ണ്ണമായതും.

സംഭവത്തെക്കുറിച്ച് ഇന്തോനേഷ്യൻ ഫുട്ബോൾ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഫിഫ പറഞ്ഞു. “അവരുടെ പദവിയോ സ്ഥാനമോ പരിഗണിക്കാതെ സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും ഈ ദുരന്തത്തിന്‍റെ ഉത്തരവാദികളാക്കണം,” ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്‍റെ ഡെപ്യൂട്ടി ഏഷ്യ ഡയറക്ടർ ഫിൽ റോബർട്ട്‌സൺ തിങ്കളാഴ്ച പറഞ്ഞു. ദേശീയ പോലീസും ഇന്തോനേഷ്യയിലെ ഫുട്ബോൾ അസോസിയേഷനും സ്വന്തമായി അന്വേഷണം നടത്തിയാൽ മാത്രം പോരാ, കാരണം സംഭവത്തില്‍ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ മുഴുവൻ ഉത്തരവാദിത്തവും കുറച്ചുകാണാനോ അതിന് തടസം നില്‍ക്കാനോ അവർ പ്രലോഭിപ്പിച്ചേക്കാം," അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.