സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണത്. 

തെഹ്റാന്‍: ഇറാനില്‍ തകര്‍ന്നുവീണ യുക്രൈന്‍ വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്. യുക്രൈനില്‍ നിന്നും ഇറാനിലേക്ക വന്ന വിമാനമാണ് തെഹ്റാന് സമീപം ഇന്ന് രാവിലെ തകര്‍ന്നുവീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപം വച്ചാണ് ദുരന്തമുണ്ടായത് എന്നാണ് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെട്ട ഉന്നത സൈനിക കമാന്‍ഡര്‍ സുലൈമാനിയുടെ മൃതദേഹം ഇറാനില്‍ ഖബറടക്കിയത് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ്. രാജ്യത്തെയാകെ ഞെട്ടിക്കുകയും ദുഖത്തിലാഴ്ത്തുകയും ചെയ്ത സൈനികമേധാവിയുടെ മരണത്തില്‍ അനുശോചിച്ച് ലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിയുടെ മൃതശരീരവും വഹിച്ചുള്ള വിലാപയാത്രയില്‍ പങ്കെടുക്കാനെത്തിയത്.

വിലാപയാത്രയ്ക്കും ഖബറടക്കത്തിനും ഇടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേര്‍ മരിച്ചെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുലൈമാനിയുടെ ഖബറഠടക്കം തെഹ്റാനില്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് ഇറാഖിലെ ഇര്‍ബിലിലും അല്‍ അസദിലും യുഎസ് സൈനികര്‍ തങ്ങുന്ന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. മിസൈലാക്രമണത്തില്‍ ആളാപയമുണ്ടായോ എന്ന് വ്യക്തമല്ല. ഇറാന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന്‍ യാത്രാവിമാനം ഇറാനില്‍ തകര്‍ന്നു വീണു എന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്.