നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയത്. ബസ് സ്റ്റോപ്പില്‍ നിന്ന ആളുകള്‍ക്ക് നേരെ കത്തിയുമായി ഓടിയടുത്ത് ആക്രമിക്കുകയായിരുന്നു.

ടോക്യോ: ജപ്പാനിലെ കാവാസാക്കിയില്‍ ജനക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ കത്തിയാക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ആക്രമിയുടെ കുത്തേറ്റ വിദ്യാര്‍ഥിനിയും അക്രമിയുമാണ് മരിച്ചത്. സംഭവത്തില്‍ നാല് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പതിനേഴുപേര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയത്. ബസ് സ്റ്റോപ്പില്‍ നിന്ന ആളുകള്‍ക്ക് നേരെ കത്തിയുമായി ഓടിയടുത്ത് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈവശം രണ്ടു കത്തികളുണ്ടായിരുന്നെന്നാണ് സൂചന.

പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ആക്രമണം നടന്നത്. ഓടിയെത്തിയ പൊലീസ് ആക്രമിയെ കീഴ്പ്പെടുത്തി. ഇതിനിടയില്‍ ഇയാള്‍ കത്തികൊണ്ട് സ്വയം പരിക്കേല്‍പിച്ചിരുന്നതായും അതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.