മദുറോയെ പിടികൂടിയതുപോലെ പുടിനെതിരെയും നീക്കമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഡൊണാൾഡ് ട്രംപ്. അത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നും സംഘർഷം അവസാനിക്കാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും ട്രംപ്
വാഷിങ്ടണ്‍: വെനസ്വേല ആക്രമിച്ച് പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെ തടവിലാക്കിയതു പോലെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരെ നീക്കമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യ - യുക്രെയ്ൻ സംഘർഷത്തിന്‍റെ കാര്യത്തിൽ താൻ നിരാശനാണെങ്കിലും അത്തരമൊരു നീക്കത്തിന്‍റെ ആവശ്യമില്ല എന്നാണ് ട്രംപിന്‍റെ മറുപടി.
ട്രംപ് പുടിനായി സമാനമായ വിധി ആസൂത്രണം ചെയ്യുന്നുണ്ടാകാമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമർ സെലൻസ്‌കി അടക്കമുള്ളവരാണ് അഭിപ്രായപ്പെട്ടത്. എന്നാൽ അത്തരമൊരു നീക്കം ഇല്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യുക്രെയ്നിലെ യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പുടിനെതിരെ നിലവിലുണ്ട്.
മദൂറോയെ തടവിലാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പുടിനെതിരെ പരോക്ഷ പരാമർശമാണ് സെലൻസ്‌കി നടത്തിയത്. ഒരു 'സ്വേച്ഛാധിപതിയെ' ഇങ്ങനെയാണ് പരിഗണിക്കുന്നതെങ്കിൽ 'അടുത്തതായി എന്തുചെയ്യണമെന്ന് അമേരിക്കയ്ക്ക് അറിയാം' എന്നാണ് സെലൻസ്കി പറഞ്ഞത്. സെലൻസ്‌കിയുടെ പരാമർശത്തെക്കുറിച്ചും പുടിനെ പിടികൂടാൻ ട്രംപ് എപ്പോഴെങ്കിലും ഉത്തരവിടുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നൽകി-
"അത് ആവശ്യമായി വരുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹവുമായി നമുക്ക് എപ്പോഴും മികച്ച ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു. റഷ്യ - യുക്രൈൻ സംഘർഷം അവസാനിക്കാത്തതിൽ ഞാൻ വളരെ നിരാശനാണ്. അത് താരതമ്യേന എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒന്നാണെന്ന് ഞാൻ കരുതി"- ട്രംപ് പറഞ്ഞു.
അപ്രതീക്ഷിത നീക്കത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെ യു എസ് സൈന്യം പിടികൂടിയത്. മദൂറോയെ വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മദൂറോ കോടതിയെ അറിയിച്ചു.
താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് 63കാരനായ നിക്കോളാസ് മദൂറോ കോടതിയിൽ പരിഭാഷകൻ മുഖേന വ്യക്തമാക്കിയത്. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് മദൂറോയെയും ഭാര്യയെയും ഹാജരാക്കിയത്. മാർച്ച് 17നാണ് ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കുക.


