എസ്റ്റണിലെ വാർഡ് കൗൺസിലർമാരാണ് പിടികൂടിയ വമ്പൻ പെരുച്ചാഴിയുടെ ചിത്രം പങ്കുവച്ചത്
എസ്റ്റൺ: അപ്രതീക്ഷിതമായി അടുക്കളയിലേക്ക് എത്തിയ എലിയെ കണ്ട് നിലവിളിച്ച് വീട്ടുകാർ. കീട നിയന്ത്രണ വിഭാഗത്തിലെ ജീവനക്കാരെത്തി കയ്യോടെ പിടികൂടിയ എലിയ്ക്ക് ഒരു പൂച്ചയേക്കാൾ വലുപ്പം. മൂക്ക് മുതൽ വാൽ വരെ 22 ഇഞ്ച് ഏകദേശം 56 സെന്റിമീറ്റർ നീളമാണ് ഭീമൻ എലി. ബ്രിട്ടനിലെ നോർത്ത് യോർക്ക്ഷെയറിലെ എസ്റ്റണിലാണ് സംഭവം. വലിയ പെരുച്ചാഴികളെ കാണാറുണ്ടെങ്കിലും ഇത്ര വലുപ്പമുള്ള പെരുച്ചാഴികളെ കണ്ടെത്തുന്നത് അപൂർവ്വമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മേഖലയിൽ പെരുച്ചാഴി ശല്യം ഏറെയാണെന്നുള്ള പരാതി രൂക്ഷമാവുന്നതിനിടയിലാണ് ഭീമൻ പെരുച്ചാഴി പിടിയിലായത്. ബ്രിട്ടനിൽ ഏറെ കുപ്രസിദ്ധമായ ബ്രൗൺ റാറ്റ് എന്ന വിഭാഗം എലിയാണ് പിടിയിലായത്. എല്ലായിടത്തും തന്നെ ഇവയെ കാണാൻ കഴിയുമെന്നാണ് കീട നിയന്ത്രണ വിഭാഗം വിശദമാക്കുന്നത്. മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ പെൺ എലികൾ പ്രത്യുൽപാദനം ആരംഭിക്കും. ഓരോ തവണയും 5 മുതൽ 12 വരെ എലിക്കുഞ്ഞുങ്ങൾക്കാണ് ഇവ ജന്മം നൽകാറുള്ളത്.
എസ്റ്റണിലെ വാർഡ് കൗൺസിലർമാരാണ് പിടികൂടിയ വമ്പൻ പെരുച്ചാഴിയുടെ ചിത്രം പങ്കുവച്ചത്. ക്ഷുദ്ര ജീവികളുടെ സർവേ പൂർത്തിയാക്കാനും ഇവയെ കൊന്നൊടുക്കാനും ഉടനടി നടപടി വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഭക്ഷണ അവശിഷ്ടങ്ങൾ വേസ്റ്റ്ബിന്നുകളിൽ കുമിഞ്ഞ് കൂടുന്നതും കൃഷിയില്ലാത്ത മേഖലകളിൽ പുല്ലും മറ്റും നിറയുന്നതാണ് എലികൾക്ക് വളരെ വേഗത്തിൽ താവളമാകാൻ കാരണമാകുന്നതെന്നാണ് പ്രാദേശിക സർക്കാർ പ്രതിനിധികൾ വിശദമാക്കുന്നത്.
ഭീമൻ പെരുച്ചാഴിയുടെ ചിത്രം വൈറലായതിന് പിന്നാലെ എസ്റ്റണേക്കുറിച്ച് നല്ലതല്ലാത്ത കാരണത്താലാണ് ലോകം ഇന്ന് അറിയുന്നതും എലി ശല്യം തുരത്താൻ സജ്ജരാണെന്നും ഇതിനായ് പ്രത്യേക സമിതി ചേർന്ന് തീരുമാനങ്ങൾ എടുക്കുമെന്നുമാണ് എസ്റ്റൺ വാർഡ് കൗൺസിലർമാരായ ഡേവിഡ് ടെയ്ലറും സ്റ്റീഫൻ മാർട്ടിനും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്.
