ദുരന്തത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാൻ ഫെഡറൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു.
അഡിസ് അബാബ: തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്തുണ്ടായ മണ്ണിടിച്ചിൽ 229 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. നിരവധിപ്പേരെ കാണാതായി. കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് മരിച്ചവരിൽ ഏറെയുമെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിൽപ്പെട്ട നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും ഗോഫ മേഖലയിലെ ദുരന്തപ്രതികരണ വിഭാഗം ഡയറക്ടർ മാർകോസ് മെലസ് പറഞ്ഞു. മരിച്ചവരിൽ 148 പുരുഷന്മാരും 81 സ്ത്രീകളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണം. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. തലസ്ഥാനമായ അഡിസ് അബാബയിൽനിന്ന് 450 കിലോമീറ്റർ അകലെയാണ് പർവത പ്രദേശമായ ഗാഫ. കനത്ത മഴയിൽ നേരത്തെയും നാശനഷ്ടങ്ങളുണ്ടായിരുന്നു.
സംസ്ഥാനത്ത് പലയിടത്തും മിന്നൽ ചുഴലിയിൽ കനത്ത നാശം; അംഗനവാടിയുടെ മേൽക്കൂര പറന്നുപോയി, വീടുകൾ തകർന്നു
ദുരന്തത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാൻ ഫെഡറൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു. എത്യോപ്യയിലെ ജനങ്ങളോടും ഗവൺമെൻ്റിനോടും ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും കാണാതായവരെ കണ്ടെത്തുന്നതിന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്‌സൺ മൗസ ഫാക്കി മഹമത് പറഞ്ഞു. എത്യോപ്യയിൽ 2016-ൽ വോലൈറ്റയിലുണ്ടായ മണ്ണിടിച്ചിലിൽ 41 പേർ മരിച്ചിരുന്നു. 2017-ൽ അഡിസ് അബാബയുടെ പ്രാന്തപ്രദേശത്ത് ഉണ്ടായ ദുരന്തത്തിൽ 113 പേർ മരിച്ചു. 2017 ഓഗസ്റ്റിലാണ് ലോകത്തെ ഞെട്ടിച്ച് സിയറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിൽ മണ്ണിടിച്ചിലുണ്ടായത്. അന്ന് 1,141 പേർ മരിച്ചു.
