മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ പിടിയിലായ ഐഎസ് ഭീകരനെ കാറിൽ കയറ്റാനാകാതെ പൊലീസ്. ‘ജബ്ബ ദ ജിഹാദി’എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന മുഫ്‌തി അബു അബ്‌ദുൾ ബാരിയെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍, 560 പൗണ്ട് തൂക്കമുള്ള (250 കിലോയോളം ഭാരം) മുഫ്‌തി അബുവിനെ കാറിനകത്ത് കയറ്റാനാകാത്തതിനാല്‍ ട്രക്കിലാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

ഇറാഖിലെ അര്‍ധ സൈനിക വിഭാഗമായ സ്വാറ്റ് ആണ് മുഫ്‌തിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പൊലീസ് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഭാരം കൂടുതലായതിനാല്‍ സാധിച്ചില്ല. കാറില്‍ ഒതുങ്ങി ഇരിക്കാന്‍ ഇയാള്‍ക്ക് സാധിക്കുമായിരുന്നില്ല. പിന്നീട് സ്വാറ്റ് സംഘം ഫ്‌ളാറ്റ് ബെഡ് പിക്ക്അപ്പ് ട്രക്ക് കൊണ്ടുവന്ന് മുഫ്‌തിയെ സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

സുരക്ഷാസേനയ്ക്കെതിരെ പ്രകോപന പ്രസംഗം നടത്തുന്ന ഐഎസിലെ പ്രമുഖ നേതാവായിരുന്നു മുഫ്‌തി. ഐഎസുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ഇസ്‌ലാമിക പണ്ഡിതന്മാരെ വധിക്കുന്നതിന് മുഫ്‌തി ഫത്വകള്‍ പുറത്തിറക്കിയിരുന്നുവെന്ന് സ്വാറ്റ്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഐഎസുകാർക്കേറ്റ കനത്ത തിരിച്ചടിയാണ് മുഫ്‌തിയുടെ അറസ്റ്റെന്ന് തീവ്ര ഇസ്‌ലാമികതയ്‌ക്കെതിരായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ മുഫ്‌തിയുടെ ശരീരത്തെ പരിഹസിക്കുന്നതിനായി ചിത്രം ഉപയോഗിക്കരുതെന്നും മജീദ് നവാസ് പോസ്റ്റില്‍ വ്യക്തമാക്കി.