പെഷവാര്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ 26 പേര്‍ അറസ്റ്റില്‍. തീവ്രമുസ്ലിം വിഭാഗത്തില്‍പ്പെട്ട ഇരുപത്തിയാറ് പേരെയാണ് പാകിസ്ഥാനി പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം നശിപ്പിച്ച് തീയിടുകയായിരുന്നു. റാഡിക്കല്‍ ജാമിയത്ത് ഉലെമ ഇ ഇസ്ലാം പാര്‍ട്ടിയുടെ നേതാവായ റഹ്മാന്‍ സലാം കട്ടക്കും അറസ്റ്റിലായവരില്‍പ്പെടുന്നു.

ബുധനാഴ്ചയാണ് ക്ഷേത്രം തകര്‍ത്ത് അഗ്നിക്കിരയാക്കിയത്. ജാമിയത്ത് ഉലെമ ഇ ഇസ്ലാം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരായിരുന്നു അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. പുനരുദ്ധാരണം നടക്കുന്ന ഭാഗങ്ങളും ക്ഷേത്രത്തിലെ പഴയ ഭാഗങ്ങളും ഇവരുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ന്യൂനപക്ഷമായി ഹിന്ദു മതത്തിലുള്ളവരുടെ അവകാശങ്ങളുടെ പച്ചയായ ലംഘനമാണ് നടന്നതെന്ന് രൂക്ഷവിമര്‍ശനം അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്നതോടെയാണ് അറസ്റ്റ്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് ആള്‍ക്കൂട്ടം തകര്‍ത്തത്. പ്രദേശത്തെ മുസ്ലിം പുരോഹിതന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകര്‍ത്തതെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ക്ഷേത്രത്തിനകത്തേക്ക് തീ കത്തിച്ച് എറിയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെ ഇസ്ലാമാബാദില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മ്മിക്കാന്‍ രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.