Asianet News MalayalamAsianet News Malayalam

30 മിനിട്ടിനുള്ളില്‍ 3 തവണ, അഫ്ഗാനെ പിടിച്ചുലച്ച് ഭൂകമ്പം

'ഓഫീസിലായിരുന്നു. പെട്ടെന്നാണ് കെട്ടിടം കുലുങ്ങാന്‍ തുടങ്ങിയത്. പിന്നാലെ കെട്ടിടം തകര്‍ന്നു വീഴാന്‍ തുടങ്ങി'

3 powerful earthquake hits Afghanistan in 30 minutes SSM
Author
First Published Oct 7, 2023, 4:38 PM IST

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അര മണിക്കൂറിനുള്ളില്‍ മൂന്ന് തവണ ശക്തമായ ഭൂകമ്പമുണ്ടായി. അഫ്ഗാന്‍റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 14 പേര്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 78 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

12:19 ന് 5.6 ഉം 12:11 ന് 6.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പിന്നാലെ 12:42 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഹെറാത്ത് നഗരത്തില്‍ നിന്നും 40 കിലോ മീറ്റർ അകലെയാണ്. കെട്ടിടങ്ങളിൽ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടുന്ന ദൃശ്യം പുറത്തുവന്നു. പലരും ഭയന്ന് തെരുവുകളില്‍ തുടരുകയാണ്.

"ഞങ്ങള്‍ ഓഫീസിലായിരുന്നു. പെട്ടെന്നാണ് കെട്ടിടം കുലുങ്ങാന്‍ തുടങ്ങിയത്. ചുവരുകൾക്ക് വിള്ളല്‍ ഉണ്ടായി. ഭിത്തികളും കെട്ടിടത്തിന്റെ ചില ഭാഗങ്ങളും തകർന്നു. വീട്ടിലേക്ക് വിളിക്കാന്‍ നോക്കിയപ്പോള്‍ നെറ്റ്‍വര്‍ക്ക് ലഭിച്ചില്ല. പേടിച്ചുപോയി. ഭയാനകമായ അനുഭവമായിരുന്നു അത്"- ഹെറാത്ത് സ്വദേശിയായ ബഷീര്‍ അഹമ്മദ് പറഞ്ഞു. 

നാശനഷ്ടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് പറഞ്ഞു. ഗ്രാമീണ, പർവത മേഖലകളിലും പ്രകമ്പനം ഉണ്ടായതിനാല്‍ എത്രത്തോളം നാശനഷ്ടമെന്ന് ആ ഘട്ടത്തില്‍ പറയാനാവില്ലെന്നാണ് വക്താവ് പ്രതികരിച്ചത്.

കഴിഞ്ഞ വർഷം ജൂണിൽ, റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് 1000ത്തിലധികം ആളുകൾ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. കാൽ നൂറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിന് സമീപമുണ്ടായ ഭൂചലനത്തിൽ 13 പേർ മരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios