കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെ പര്‍വ്വതനിരയിലേക്ക് കയറുന്നതിനിടെ ചൊവ്വാഴ്ച മുതലാണ് ഇവരെ കാണാതായത്.

മോണ്‍ട്രിയോള്‍, കാനഡ: ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി. ഓസ്ട്രേലിയയില്‍ നിന്നുള്ള ജെസ് റോസ്കെല്ലി, ഡേവിഡ് ലമ, അമേരിക്കക്കാരന്‍ ഹന്‍സ്ജോര്‍ഗ് ഔര്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെ പര്‍വ്വതനിരയിലേക്ക് കയറുന്നതിനിടെ ചൊവ്വാഴ്ച മുതലാണ് ഇവരെ കാണാതായത്. അടുത്ത ദിവസം മുതല്‍ അധികൃതര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

പര്‍വ്വതാരോഹണത്തിന് സഹായിക്കുന്ന ഉപകരണങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തിയതോടെയാണ് മൂന്ന് പേരും മരിച്ചെന്ന നിഗമനത്തിലേക്ക് തെരച്ചിലിന് നേതൃത്വം നല്‍കിയവര്‍ എത്തിയത്. മൃതദേഹത്തിനായുള്ള തെരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. പിന്നീട് തെരച്ചില്‍ പുനരാരംഭിച്ചതോടെ വ്യാഴാഴ്ച മ‍ൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നെന്ന് കനേഡിയന്‍ നാഷണല്‍ പാര്‍ക്ക് ഏജന്‍സി അറിയിച്ചു.