ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവെച്ച യുദ്ധ പദ്ധതി ബരാക് ഒബാമ, ജോർജ് ബുഷ്, ജോ ബൈഡൻ എന്നിവർ തള്ളിയെങ്കിലും ഡൊണാൾഡ് ട്രംപ് അംഗീകരിച്ചതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വെളിപ്പെടുത്തി. 

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ട് വെച്ച യുദ്ധ പദ്ധതി മൂന്ന് അമേരിക്കൻ പ്രസിഡന്റുമാർ തള്ളിയെന്നും എന്നാൽ ട്രംപ് അം​ഗീകരിച്ചുവെന്നും മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ വെളിപ്പെടുത്തൽ. ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ടിൽ അതിഥിയായി സംസാരിക്കുകയായിരുന്നു കെറി. ബരാക് ഒബാമയും ജോർജ് ബുഷും ജോ ബൈഡനും തള്ളിയ നിർദേശമാണ് ഒടുവിൽ ട്രംപ് അം​ഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ യുഎസ് പ്രസിഡന്റുമാർ ഇറാനുമായി യുദ്ധത്തിന് പോകാൻ തയാറായില്ല. സമാധാന ശ്രമം അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ പ്രസിഡന്റുമാർ യുദ്ധ നിർദേശം തള്ളിയത്. വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങൾ പാഠമായിരുന്നുവെന്നും കെറി വ്യക്തമാക്കി. 

ഒരു വിയറ്റ്നാം സൈനികൻ എന്ന നിലയിൽ, അമേരിക്കൻ പൊതുജനങ്ങളെ വഞ്ചിക്കരുത് എന്നതിലാണ് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ജനതയോട് കള്ളം പറഞ്ഞ് അവരുടെ പുത്രന്മാരെയും പുത്രിമാരെയും യുദ്ധത്തിന് അയയ്ക്കാൻ ആവശ്യപ്പെടരുത് എന്നതാണ് വിയറ്റ്നാമിന്റെയും ഇറാഖിന്റെയും പാഠമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കാൻ നെതന്യാഹു എങ്ങനെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 11-ന് നടന്ന സിറ്റുവേഷൻ റൂമിൽ,ഇറാനിൽ ഭരണമാറ്റത്തിനുള്ള സൂചനയുണ്ടെന്ന് ധരിപ്പിച്ചാണ് യുദ്ധത്തിന് തുടക്കമിട്ടത്. നെതന്യാഹുവിന്റെ നിർദേശം ട്രംപ് അം​ഗീകരിക്കുകയായിരുന്നു. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നെതന്യാഹുവുമായി ചൂടേറിയ സംഭാഷണം നടന്നുവെന്ന റിപ്പോർട്ടും പുറത്തുന്നു.

Scroll to load tweet…