റൈഡിൽ നിന്ന് 70 അടി താഴേക്ക് വീണതോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത് (ചിത്രം പ്രതീകാത്മകം)
ഫ്ലോറിഡ: അമ്യൂസ്‌മെന്‍റ് പാർക്കിലെ റൈഡിൽ നിന്ന് വീണു മരിച്ച 14കാരന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം. 310 മില്യൺ ഡോളർ (2624 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. രണ്ട് വർഷം മുൻപാണ് യുഎസിലെ ഒർലാൻഡോയിലെ ഐക്കണ്‍ അമ്യൂസ്‌മെന്‍റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് ടൈർ സാംപ്‌സണ്‍ എന്ന 14കാരന് ദാരുണാന്ത്യം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ നെകിയ ഡോഡ്, യാർനെൽ സാംപ്‌സൺ എന്നിവർക്ക് 155 മില്യൺ ഡോളർ വീതം നൽകണമെന്നാണ് ഓറഞ്ച് കൗണ്ടി ജൂറി ഉത്തരവിട്ടത്.
2022 മാർച്ച് 24ന് ഐക്കൺ പാർക്കിലെ ഫ്രീ ഫാൾ റൈഡിൽ നിന്ന് 70 അടി താഴേക്ക് വീണതോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഒർലാൻഡോ സ്ലിംഗ്‌ഷോട്ടാണ് റൈഡിന്‍റെ ഓപ്പറേറ്റർ. ഐക്കൺ പാർക്ക് നേരത്തെ തന്നെ എത്രയെന്ന് വെളിപ്പെടുത്താത്ത തുക കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. റൈഡിന്‍റെ നിർമാതാക്കളോടാണ് കോടതി ഇപ്പോൾ പിഴ നൽകാൻ ആവശ്യപ്പെട്ടത്.
തങ്ങളുടെ വാദം കോടതി ശരിവച്ചെന്ന് കുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. റൈഡിന്‍റെ ബിൽഡർമാർ സുരക്ഷയ്ക്ക് മുൻഗണന നൽകാതിരുന്നതും ഗുരുതരമായ അലംഭാവവുമാണ് തങ്ങളുടെ കുഞ്ഞിന്‍റെ ജീവനെടുത്തതെന്ന് കുടുംബം പറഞ്ഞു. ഓറഞ്ച് കൌണ്ടി ജൂറിയാണ് മാതാപിതാക്കൾക്ക് അനുകൂലമായ ഉത്തരവിട്ടത്. ഫണ്‍ടൈം എന്ന ഓസ്ട്രിയൻ നിർമാതാക്കളാണ് നഷ്ടപരിഹാരം നൽകേണ്ടത്. നഷ്ടപരിഹാരം ഈടാക്കാൻ കുടുംബം ഓസ്ട്രിയൻ കോടതിയിൽ നിന്ന് ഉത്തരവ് തേടേണ്ടിവരും. അതേസമയം ഫൺടൈം ഇതുവരെ വിധിയോട് പ്രതികരിച്ചിട്ടില്ല.
ഒരു ടവറിൽ ഘടിപ്പിച്ച സീറ്റുകളിൽ 30 പേരെ ഇരുത്തി 430 അടി താഴ്ച്ചയിലേക്ക് കൊണ്ടുപോകും. ഈ റൈഡിന് സീറ്റ് ബെൽറ്റുകൾ ഇല്ലായിരുന്നു. തുടർന്നാണ് 70 അടി താഴ്ചയിലേക്ക് കുട്ടി വീണത്. അപകടത്തെ തുടർന്ന് റൈഡ് അടച്ചിടാൻ ഉത്തരവിട്ടു. പിന്നീട് തുറന്നില്ല. ഇത് ഇപ്പോൾ പൊളിച്ചുമാറ്റുകയാണ്.
