വിഷാദം മറികടക്കാനായി സോളോ ട്രിപ്പിന് പോയ 58കാരി സ്വിറ്റ്സർലാൻഡിലെത്തി അസിസ്റ്റഡ് സൂയിസൈഡിന് വിധേയയായി
ഡബ്ലിൻ: അവധി ആഘോഷത്തിനായി പോയത് ലിത്വാനിയയിലേക്ക്. പിന്നെ ലഭിച്ചത് 58കാരിയുടെ അവസാന സന്ദേശം. അവധി ആഘോഷത്തിന് പോകുന്നുവെന്ന് വിശദമാക്കി, രഹസ്യമായി സ്വിറ്റ്സർലാൻഡിലേക്ക് പോയ 58കാരി അസിസ്റ്റഡ് സൂയിസൈഡിന് രജിസ്റ്റർ ചെയ്യുകയായിരുന്നു ചെയ്തത്. രജിസ്റ്റർ ചെയ്തതിന്റെ രണ്ടാം ദിവസം 58കാരി അസിസ്റ്റഡ് സൂയിസൈഡ് ചെയ്യുക കൂടി ചെയ്തതിന്റെ ഞെട്ടലിലാണ് അയർലാൻഡിലെ വീട്ടുകാർ. ജൂലൈ 8നാണ് അയർലാൻഡിലെ കാവനിലുള്ള മൗരീൻ സ്ലോയെന്ന 58കാരി ലിത്വാനിയയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ ഇവർ ഇതിന് പിന്നാല സ്വിറ്റ്സർലാൻഡിലെത്തിയ ശേഷം പ്രൊഫഷണലായി ആത്മഹത്യ ചെയ്യാൻ സഹായിക്കുന്ന സ്ഥാപനമായ പെഗാസസിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ ഇതിനേക്കുറിച്ച് വീട്ടുകാർക്ക് ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. ബുധനാഴ്ച രാത്രിയാണ് അമ്മയുടെ സുഹൃത്ത് മൗരീൻ സ്വിറ്റ്സർലാൻഡിലാണെന്നും അസിസ്റ്റഡ് സൂയിസൈഡിന് പേര് രജിസ്റ്റർ ചെയ്തെന്നും മെസേജ് ചെയ്യുന്നത്. തൊട്ട് പിന്നാലെ തന്നെ 58കാരിയെ മകളും ഭർത്താവും ഫോണിൽ ബന്ധപ്പെട്ടു. ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ 58കാരി ഉറപ്പ് നൽകിയ ശേഷമാണ് ഇവർ ഫോൺ വച്ചത്. എന്നാൽ തൊട്ട് അടുത്ത ദിവസം 58കാരിയുടെ മൃതദേഹം സംസ്കരിച്ചതിന്റെ ഭസ്മം 6 മുതൽ 8 ദിവസത്തിനുള്ളിൽ കൊറിയർ ചെയ്യുമെന്ന വാട്ട്സാപ്പ് സന്ദേശമാണ് കുടുംബത്തിന് ലഭിച്ചത്.
പെഗാസസിലെ അധികൃതരായിരുന്നു ഈ സന്ദേശം അയച്ചത്. 17.76 ലക്ഷം രൂപ നൽകിയാണ് 58കാരി ആത്മഹത്യ ചെയ്യാൻ രജിസ്റ്റർ ചെയ്തതെന്നാണ് പെഗാസസ് വിശദമാക്കുന്നത്. മൃതദേഹ ശേഷിപ്പായ ഭസ്മം മരിക്കുന്നവർ നിർദ്ദേശിക്കുന്ന ബന്ധുക്കൾക്ക് അയക്കുന്നത് പെഗാസസിലെ രീതിയാണെന്നും അധികൃതർ വിശദമാക്കുന്നത്. 58 കാരി പേര് രജിസ്റ്റർ ചെയ്തതോടെ ഇവരുടെ മാനസിക നില അടക്കമുള്ളവ പരിശോധിച്ചിരുന്നുവെന്നാണ് പെഗാസസ് വിശദമാക്കുന്നത്. ഇതിൽ മാനസിക പ്രശ്നമുള്ളതായി കണ്ടെത്താനായില്ലെന്നാണ് പെഗാസസ് വീട്ടുകാരോട് വിശദമാക്കുന്നത്. ഏറെക്കാലമായി വിഷാദ രോഗാവസ്ഥ 58കാരി നേരിട്ടിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇതിനോടകം നിരവധി തവണ ജീവനൊടുക്കാനുള്ള ശ്രമങ്ങളും ഇവർ നടത്തിയിരുന്നു.
മരണ കാരണം ആകാമായിരുന്ന രോഗമൊന്നും അമ്മയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മകൾ പറയുന്നത്. പെഗാസസ് 58കാരിയേക്കുറിച്ച് കൃത്യമായി കാര്യങ്ങൾ വിലയിരുത്തിയില്ലെന്നാണ് കുടുംബം പരാതിപ്പെടുന്നത്. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസിൽ 58കാരിയുടെ സഹോദരൻ പരാതി നൽകിയിട്ടുള്ളത്. വീട്ടുകാരെ അറിയിക്കുകയെന്ന് നയം അടക്കം പാലിക്കാൻ പെഗാസസ് തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്, 1942 മുതൽ അസിസ്റ്റഡ് സൂയിസൈഡിന് സ്വിറ്റ്സർലാൻഡിൽ അനുമതിയുണ്ട്.
