പലസ്തീൻ മുസ്ലിം കുടുംബത്തിനെതിരെയുള്ള വിദ്വേഷ പ്രവൃത്തിക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: ഇസ്രയേല്‍ - ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കയില്‍ ആറ് വയസ്സുകാരനായ മുസ്ലിം ബാലന്‍ കൊല്ലപ്പെട്ടു. വിദ്വേഷക്കൊലയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെയും അക്രമി കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. അവര്‍ ചികിത്സയിലാണ്. 

ജോസഫ് സ്യൂബ എന്ന 71 കാരനാണ് അക്രമിയെന്ന് വിൽ കൗണ്ടി പൊലീസ് പറഞ്ഞു. സ്യൂബയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ബാലനും അമ്മയും. കുട്ടിക്ക് 26 തവണ കുത്തേറ്റെന്ന് പൊലീസ് പറഞ്ഞു. ചിക്കാഗോയില്‍ നിന്ന് 64 കീലോമീറ്റര്‍ അകലെ പ്ലയിന്‍ഫീല്‍ഡിലാണ് സംഭവം നടന്നത്. മുസ്ലിം ആയതിനാലും ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘർഷവും കാരണമാണ് പ്രതി അവരെ ലക്ഷ്യമിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തെ ചെറുത്തുനിന്ന കുട്ടിയുടെ അമ്മ 911 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ ഇരുവരും കുത്തേറ്റ നിലയില്‍ കിടപ്പുമുറിയിലായിരുന്നു. നെറ്റിയിൽ മുറിവേറ്റ സ്യൂബ സമീപത്തായി നിലത്ത് ഇരിക്കുകയായിരുന്നു. കൊലപാതകം, കൊലപാതകശ്രമം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി. 

മോര്‍ച്ചറികള്‍ നിറഞ്ഞു, സംസ്കരിക്കാന്‍ ഇടമില്ല; ഗാസയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് ഐസ്ക്രീം ട്രക്കുകളില്‍

കൊല്ലപ്പെട്ട ബാലന്‍ ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കിയില്ല. എന്നാൽ കൗൺസിൽ ഓൺ അമേരിക്കൻ - ഇസ്‌ലാമിക് റിലേഷൻസിന്റെ (സിഎഐആര്‍) ചിക്കാഗോ ഓഫീസ് കുട്ടിയെ പലസ്തീനിയൻ-അമേരിക്കൻ എന്നാണ് വിശേഷിപ്പിച്ചത്. 'നിങ്ങൾ മുസ്ലീങ്ങൾ' മരിക്കണം' എന്ന് ആക്രോശിച്ചാണ് 70കാരന്‍ അമ്മയെയും കുട്ടിയെയും ആക്രമിച്ചതെന്ന് സിഎഐആറിന്‍റെ ചിക്കാഗോയിലെ മേധാവി അഹമ്മദ് റിഹാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അപലപിച്ചു. പലസ്തീൻ മുസ്ലിം കുടുംബത്തിനെതിരെയുള്ള വിദ്വേഷ പ്രവൃത്തിക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്നാണ് ബൈഡന്‍റെ പ്രതികരണം. 

Scroll to load tweet…

ഇസ്രയേല്‍ - ഹമാസ് യുദ്ധം എട്ട് ദിവസം കഴിഞ്ഞും തുടരുകയാണ്. ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ 1400ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്‍റെ വ്യോമാക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2670 കഴിഞ്ഞു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം