റോം: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. 11,378 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ഇന്നലെ മാത്രം 627 പേരാണ് ഇറ്റലിയിൽ മരിച്ചത്. ആറായിരത്തോളം പേർക്ക് ഇറ്റലിയില്‍ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. മുപ്പതിനായിരത്തോളം പുതിയ കേസുകളാണ് ലോകത്താകമാനം ഇന്നലെ റിപ്പോർട്ട് ചെയ്തത്. 

ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 275143 കടന്നു. സ്പെയിനിലും ഇറാനിലും ആയിരത്തിലധികം ആളുകളാണ് ഇന്നലെ മരിച്ചത്. മലേഷ്യയിലും ഇസ്രായേലിലും ,ഈജിപ്തിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ 5,496 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടൻ സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിട്ടു.

പാകിസ്ഥാനിൽ രോഗബാധിതരുടെ എണ്ണം 500 കടന്നു. അമേരിക്കൻ സംസ്ഥാനമായ ടെക്സസ് രോഗം നൂറ് വർഷത്തിനിടയിൽ ആദ്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അമേരിക്കൻ വൈസ് പ്രസിഡന്‍റിന്‍റെ സ്റ്റാഫംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ന്യൂയോർക്കിലും കാലിഫോർണിയയിലും സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു.