ബെര്‍ലിന്‍: ജര്‍മന്‍ ജനസംഖ്യയില്‍ 70 ശതമാനം ആളുകള്‍ക്ക് കൊവിഡ് 19 ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍. ജനസംഖ്യയില്‍ 70% ആളുകളിലേക്ക് പടരാന്‍ സാധ്യതയുള്ള കൊവിഡ് 19നോട് പോരാടാന്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക രാജ്യമായ ജര്‍മനി വേണ്ടതെല്ലാം ചെയ്യുമെന്ന് ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു. 

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവസാനം മാത്രമെ ഈ നടപടികള്‍ക്കായി ചെലവഴിച്ച ബജറ്റ് വിലയിരുത്തൂവെന്നും ജര്‍മന്‍ ചാന്‍സലര്‍ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.  നിലവിലെ പ്രതിസന്ധി എങ്ങനെയാണ് വികസിച്ചതെന്ന് അറിയില്ലെങ്കിലും അപകടസാധ്യത വളരെ വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'വൈറസ് പൊട്ടിപ്പുറപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷി ഇല്ലെങ്കിലോ വാക്സിനേഷനോ തെറാപ്പിയോ നിലവില്‍ ഇല്ലെങ്കിലോ ജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്ക് കൊവിഡ് 19 ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്'- ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു.

ഇതുവരെ മൂന്ന് മരണങ്ങളാണ് കൊവിഡ് 19 മൂലം ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1567 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചതായി രോഗനിയന്ത്രണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മന്‍ പാര്‍ലമെന്‍റിലെ ഒരംഗത്തിനും ബുധനാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക