130 അടിയിലേറെ ആഴമുള്ള മലയിടുക്കിലേക്കാണ് 77കാരൻ വീണത്. വീഴ്ചയുടെ ആഘാതത്തിൽ എഴുന്നേൽക്കാൻ ഇയാൾക്ക് സാധിക്കാതെ വരികയായിരുന്നു

സെവൻസ്: സൂപ്പർ മാർക്കറ്റിൽ നിന്ന് ഫ്രാൻസിലെ സെവൻസ് മലനിരകളിലൂടെയുള്ള സാഹസിക യാത്ര. പാറയിൽ തെന്നി മലയിടുക്കിലേക്ക് വീണ 77കാരന് അത്ഭുത രക്ഷ. ഫ്രെഞ്ച് സ്വദേശിയായ സൈക്കിളിസ്റ്റ് മൂന്ന് ദിവസം മലയിടുക്കിൽ കഴിഞ്ഞത് വൈൻ കുടിച്ച്. 77കാരന്റെ ഷോപ്പിംഗ് ബാഗിലുണ്ടായിരുന്ന റെഡ് വൈനാണ് 77കാരന്റെ ജീവൻ മൂന്ന് ദിവസം പിടിച്ച് നിർത്തിയത്. 130 അടിയിലേറെ ആഴമുള്ള മലയിടുക്കിലേക്കാണ് 77കാരൻ വീണത്. സെവൻസ് മേഖലയിലെ വിജനമായ റോഡിൽ ഒരു വളവിൽ നിന്നാണ് 77കാരൻ മലയിടുക്കിലേക്ക് വീണത്. എന്നാൽ വീഴ്ചയുടെ ആഘാതത്തിൽ എഴുന്നേൽക്കാൻ ഇയാൾക്ക് സാധിക്കാതെ വരികയായിരുന്നു. സെന്റ്-ജൂലിയൻ-ഡെസ്-പോയിന്റ്സിനടുത്ത് വച്ചായിരുന്നു അപകടമുണ്ടായത്. ബഹളം വച്ച് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ 77കാരൻ ശ്രമിച്ചെങ്കിലും വിജനമായ റോഡിൽ പതിവായി പോകുന്നവർ വളരെ കുറവായിരുന്നു.

റോഡിലെ വളവിൽ നിയന്ത്രണം വിട്ട് വിജന മേഖലയിലെ മലയിടുക്കിലേക്ക്

വീഴ്ചയിലുണ്ടായ പരിക്കും വെയിലും രൂക്ഷമായപ്പോഴാണ് കയ്യിലെ ബാഗിലുണ്ടായിരുന്ന റെഡ് വൈനിനേക്കുറിച്ച് 77കാരൻ ഓർക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് 77കാരന്റെ നിലവിളി ആളുകൾ ശ്രദ്ധിക്കുന്നത്. രക്ഷാപ്രവർത്തകർ മലയിടുക്കിൽ ഇറങ്ങി പരിശോധിക്കുമ്പോഴാണ് ഒടിഞ്ഞ നിലയിൽ സൈക്കിളും പരിക്കേറ്റ നിലയിൽ 77കാരനേയും കണ്ടെത്തിയത്. ഇതോടെ ഹെലികോപ്ടർ സഹായത്തോടെ 77കാരനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. മഴയും വെയിലും തണുപ്പിലും ഈ പ്രായത്തിൽ മലയിടുക്കിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതമായാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്.

ശരീരത്തിന്റെ താപനില സാധരണയേക്കാൾ അപകടകരമായ തോതിൽ കുറയുന്ന ബുദ്ധിമുട്ട് അടക്കമാണ് 77കാരൻ അതിജീവിച്ചതെന്നാണ് ആശുപത്രി അധികൃതർ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കഴിക്കാനോ കുടിക്കാനോ വീഞ്ഞ് അല്ലാതെ മറ്റൊന്നും 77കാരന് ലഭിച്ചിരുന്നില്ലെമ്മാണ് രക്ഷാപ്രവർത്തകർ വിശദമാക്കിയിട്ടുള്ളത്. ഇത് ആദ്യമായല്ല വൈൻ അപകടത്തിൽ കുടുങ്ങിയവർക്ക് പിടിവള്ളിയായത്. 2023ൽ ഓസ്ട്രേലിയയിൽ കാണാതായ യുവതിക്ക് 5 ദിവസം ജീവൻ നിലനിർത്താൻ സഹായിച്ചത് വൈനും ലോലി പോപ്പുകളുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം