Asianet News MalayalamAsianet News Malayalam

ബ്രസീലിലെ വിമാന ദുരന്തത്തിൽ നഷ്ടമായത് 8 ക്യാൻസർ രോഗ വിദഗ്ധരെ, കൊല്ലപ്പെട്ട 62 പേരുടേയും മൃതദേഹം കണ്ടെത്തി

58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായി സാവോപോളയിലേക്ക് പുറപ്പെട്ട എടിആർ 72 ഇരട്ട എൻജിൻ വിമാനമാണ് ആടിയുലഞ്ഞ് ജനവാസ മേഖലയിലേക്ക് വീണ് തകർന്നത്. 

8 cancer doctors killed in brazils worst plane crash all bodies recovered
Author
First Published Aug 12, 2024, 10:37 AM IST | Last Updated Aug 12, 2024, 10:37 AM IST

സാവോപോളോ: ബ്രസീലിൽ വിമാനം തകർന്ന് വീണ് കൊല്ലപ്പെട്ടവരിൽ 8 ക്യാൻസർ രോഗ വിദഗ്ധരും. ബ്രസീലിലെ വിൻഹെഡോയിൽ വെള്ളിയാഴ്ചയുണ്ടായ വിമാന അപകടത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. ക്യാൻസർ രോഗ സംബന്ധിയായ കോൺഫറൻസിൽ പങ്കെടുക്കാനായി പുറപ്പെട്ട എട്ട് ഡോക്ടർമാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായി സാവോപോളയിലേക്ക് പുറപ്പെട്ട എടിആർ 72 ഇരട്ട എൻജിൻ വിമാനമാണ് ആടിയുലഞ്ഞ് ജനവാസ മേഖലയിലേക്ക് വീണ് തകർന്നത്. 

വിമാനം മുൻഭാഗം കുത്തി നിലത്തേക്ക് പതിക്കുന്നതിന്റെ വിവിധ വീഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വോപാസ് എയർലൈനിന്റെ ചെറുവിമാനമാണ് തകർന്നത്. അപകടത്തിൽ കൊല്ലപ്പെട്ട 62 പേരുടയും മൃതദേഹം വീണ്ടെടുത്തതായി രക്ഷാപ്രവർത്തകർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് എടുത്തിട്ടുള്ള യാത്രക്കാർക്കൊപ്പം മറ്റൊരാൾ കൂടെ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവർത്തകർ ശനിയാഴ്ച വിശദമാക്കിയത്. ഇതിന് പിന്നാലെയാണ് റീജിയണൽ മെഡിക്കൽ കൌൺസിൽ എട്ട് ഡോക്ടർമാരുടെ മരണം സ്ഥിരീകരിക്കുന്നത്. 

15 ഡോക്ടർമാരാണ് കോൺഫറൻസിൽ പങ്കെടുക്കാനായി ഈ വിമാനത്തിൽ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ 7 പേർ ഇതിന് മുൻപുള്ള സർവ്വീസുകൾ തെരഞ്ഞെടുത്തതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. യൂണിയോസ്റ്റെ സർവ്വകലാശാലയിലെ നാല് പ്രൊഫസർമാരും ഈ അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.  34 പുരുഷൻമാരും 28 സ്ത്രീകളുടേയും മൃതദേഹം സാവോ പോളയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് വയസ് പ്രായമുള്ള കുട്ടിയാണ് അപകടത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ. 

വളരെ ആകസ്മികമായി ഉണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അധികൃതരുള്ളത്. വിമാനത്തിലെ കോക്പിറ്റിൽ നിന്നുള്ള റെക്കോർഡിംഗ് ബ്രസീൽ എയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഇതിനോടകം പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്. അപകടത്തേക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2007ന് ശേഷം ബ്രസീലിൽ നടന്ന ഏറ്റവും വലിയ വിമാന ദുരന്തമാണ് വെള്ളിയാഴ്ചയുണ്ടായത്. 199 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം ബ്രസീലിനെ വലച്ചത് 2007ലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios