8 മണിക്കൂറിന് ശേഷം വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് സംഭവിച്ച പിഴവ് എയർ ഇന്ത്യ ജീവനക്കാർ തിരിച്ചറിയുന്നത്.
ദില്ലി: കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഗുരുതര വീഴ്ച. എട്ട് മണിക്കൂറോളം പറന്ന ശേഷം തിരികെ പറക്കേണ്ട അവസ്ഥയിൽ വിമാനം. വ്യാഴാഴ്ച രാവിലെ ദില്ലിയിൽ നിന്ന് വാൻകൂവറിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ദീർഘ ദൂര പറക്കലിന് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നത്. ഏകദേശം 8 മണിക്കൂർ പറന്നതിന് ശേഷം ആകാശമധ്യേ വെച്ച് യുടേൺ എടുത്ത് തിരികെ ദില്ലിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു എയർ ഇന്ത്യയുടെ എഐ185 വിമാനം. ഈ പാതയിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത തരം വിമാനം അയച്ചതാണ് യാത്രക്കാർക്ക് ദുരനുഭവത്തിന് കാരണമായത്. ദില്ലിയിൽ നിന്ന് രാവിലെ 11.34ഓടെയാണ് വിമാനം വാൻകൂവറിലേക്ക് ടേക്ക് ഓഫ് ചെയ്തത്.
ബോയിംഗ് 777200 എൽആർ വിമാനമാണ് വാൻകൂവർ സർവീസിനായി എയർ ഇന്ത്യ നിയോഗിച്ചത്. എന്നാൽ ഈ പ്രത്യേക വിമാനത്തിന് ആ റൂട്ടിൽ പറക്കാനുള്ള സാങ്കേതിക അനുമതികൾ ഉണ്ടായിരുന്നില്ല. വാൻകൂവർ റൂട്ടിൽ ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്നതിനാൽ, അത്തരം ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങൾ ഉള്ള ബോയിംഗ് 777 300 ഇ ആർ വിമാനങ്ങൾക്കാണ് ഈ സർവീസിന് അനുമതിയുള്ളത്.
വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ നിർദ്ദേശിക്കുകയായിരുന്നു. ഏകദേശം എട്ടു മണിക്കൂറോളം ആകാശത്ത് ചിലവഴിച്ച ശേഷം വിമാനം തിരികെ ദില്ലിയിൽ തന്നെ ലാൻഡ് ചെയ്തു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


