Asianet News MalayalamAsianet News Malayalam

ന്യൂസീലൻഡ് ഭീകരാക്രമണത്തിൽ 9 ഇന്ത്യക്കാരെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

പ്രാദേശികസമയം ഇന്നലെ രാത്രിയാണ് ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലീം പള്ളികളിലേക്ക് ഒരു സംഘം അക്രമികൾ ഇരച്ചു കയറി നിറയൊഴിച്ചത്. 

9 Indians missing in New Zealand Terror Attack
Author
Wellington, First Published Mar 15, 2019, 7:58 PM IST

വെല്ലിംഗ്‍ടൺ: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യൻ വംശജരായ ഒൻപത് പേരെ കാണാനില്ലെന്ന് ഇന്ത്യൻ എംബസി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ നൽകണമെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജീവ് കോഹ്‍ലിയും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു എന്നാണ് ട്വീറ്റ് ചെയ്തത്. രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടെന്നും ഒരാൾ ജീവന് വേണ്ടി മല്ലടിക്കുകയാണെന്നുമാണ് ഒവൈസിയുടെ ട്വീറ്റ്. തന്‍റെ ഒരു സുഹൃത്തിന്‍റെ സഹോദരനെ കാണാനില്ലെന്നും ഒവൈസി ഇന്ത്യൻ സർക്കാരിനെ അറിയിച്ചു. കണ്ടെത്താൻ സഹായം വേണമെന്നാവശ്യപ്പെട്ടാണ് ഒവൈസി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. 

ന്യൂസീലൻഡ് അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. വളരെ പ്രാധാന്യമുള്ള വിഷയമായതുകൊണ്ട് ആക്രമണത്തിൽ ഇരയായവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നൽകാനാവില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു.

കൃത്യമായ വിവരം ലഭ്യമായതിന് ശേഷം വിശദാംശങ്ങൾ നൽകാമെന്നും വാർത്താക്കുറിപ്പിലുണ്ട്. ഭീകരാക്രമണത്തിന് ശേഷം ഒൻപത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Follow Us:
Download App:
  • android
  • ios