തലസ്ഥാനമായ ഫ്രീടൗണിലെ തിരക്കേറിയ സ്ഥലത്താണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിൽ (Sierra Leone) കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് (Tanker Blast) 99 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരിക്ക് പറ്റി. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിട്ട് മറിഞ്ഞ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ഫ്രീടൗണിലെ (Free Town) തിരക്കേറിയ സ്ഥലത്താണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Scroll to load tweet…

തിരക്കേറിയ പട്ടണ പ്രദേശത്തെ സൂപ്പർമാർക്കറ്റിന് സമീപത്താണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഒരു ബസിലെ മുഴുവൻ യാത്രക്കാരും വെന്തുമരിച്ചുവെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യ ശരീരങ്ങളും, കത്തിയ വാഹനങ്ങളുടെ അവശിഷ്ടങ്ങളും റോഡില്‍ കാണാമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ സിയാറ ലിയോണ്‍ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കുന്നതായി ആരോഗ്യ മന്ത്രി അമ്റ ജംബായി അറിയിച്ചു. 

അതേ സമയം വാഹനം മറിഞ്ഞതിന് പിന്നാലെ ടാങ്കറിന്റെ ടാങ്ക് ചോര്‍ന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി. ഇത് ശേഖരിക്കാനായി നിരവധി ആളുകള്‍ ടാങ്കറിന് ചുറ്റും കൂടിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ മരണസംഖ്യ ഉയര്‍ന്നത് എന്ന് സംഭവ സ്ഥലത്തെ മേയര്‍ ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എന്നാല്‍ പിന്നീട് അത് നീക്കം ചെയ്തു.

ഭീകരമായ അവസ്ഥയാണെന്നും ഇനിയും മരണസംഖ്യ ഉയരാമെന്നുമാണ് സിറിയലിയോണ്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ പ്രതികരിച്ചത്. ശവ ശരീരങ്ങള്‍ പലതും കത്തിയ അവസ്ഥയില്‍ ആയതിനാല്‍ തിരിച്ചറിയാനും പ്രയാസമുണ്ട്.