ഷാന്‍ഹായ്: ഈ മാസം ആദ്യം ചൈനയിലെ ഹുവാന്‍ഗ്പു ജില്ലയിലൂടെ കടന്നുപോയ ഷാന്‍ഹായിയിലെ ജനങ്ങള്‍ അസാധാരണമായ ആ കാഴ്ച കണ്ട് ഒന്ന് അമ്പരന്നിട്ടുണ്ടാകും തീര്‍ച്ച. അതൊരു 'എടക്കുന്ന' കെട്ടിടമാണ്. 85 വര്‍ഷം പഴക്കമുള്ള പ്രൈമറി സ്‌കൂള്‍ അഞ്ച് നില കെട്ടിടം പൂര്‍ണ്ണമായും നീക്കി മറ്റൊരിടത്തേക്ക്  മാറ്റി സ്ഥാപിക്കുന്നതായിരുന്നു ആ അത്ഭുത കാഴ്ച. 'വാക്കിംഗ് മെഷീന്‍' എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്. 

പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂള്‍ കെട്ടിടം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചത്. കെട്ടിടത്തിന് ക്രെച്ചസ് നല്‍കുന്നതുപോലെയാണ് ഈ സാങ്കേതിക വിദ്യയെന്നും അതിനാല്‍ കെട്ടിടത്തിന് നിവര്‍ന്നുനില്‍ക്കാനും സഞ്ചരിക്കാനുമായെന്നും ഈ പ്രൊജക്ടിന്റെ ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ ലാന്‍ വുജി പറഞ്ഞു. 

കെട്ടിടം നീക്കുന്നതിന്റെ ടൈംലാപ്‌സ് വീഡിയോ ട്വിറ്ററില്‍ വൈറലാണ്. 1935ലാണ് ലഗേന പ്രൈമറി സ്‌കൂള്‍ നിര്‍മ്മിച്ചത്. പുതിയ കോമേഷ്യല്‍ ഓഫീസ് കോപ്ലക്‌സുകള്‍ക്കായാണ് ഇത് നീക്കി വച്ചത്. 18 ദിവസം കൊണ്ട് പുതിയ സ്ഥലത്തിന് 62 മീറ്റര്‍ അകലെ കെട്ടിടം  എത്തി. ഒക്ടോബര്‍ 15നാണ് പൂര്‍ണ്ണമായി മാറ്റി വച്ചത്.