''ഞാൻ എപ്പോഴും ഒരു പാക്കിസ്ഥാനി ആയിരുന്നു. കഴുതയിൽ വരകൾ വരച്ചതുകൊണ്ട് മാത്രം അത് സീബ്രയായി മാറില്ല. ഒരു കഴുത കഴുതയായി തുടരുന്നു,"
ലണ്ടൻ: അവിശ്വാസ പ്രമേയത്തിലൂടെ പാക് പ്രധാനമന്ത്രി (Pak Prime Minister) സ്ഥാനം നഷ്ടപ്പെട്ട ഇമ്രാൻ ഖാൻ (Imran Khan) വീണ്ടും വാർത്തകളിൽ നിറയുന്നു. യൂറോപ്പിൽ താമസിച്ച് വരുന്ന ഇമ്രാൻ ഖാൻ്റെ ഒരു യൂട്യൂബ് വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. "യുകെ എപ്പോഴും എന്നെ സ്വാഗതം ചെയ്തിരുന്നു. പക്ഷേ ഞാൻ ഒരിക്കലും അത് എന്റെ വീടായി കണക്കാക്കിയിരുന്നില്ല. ഞാൻ എപ്പോഴും ഒരു പാക്കിസ്ഥാനി ആയിരുന്നു. കഴുതയിൽ വരകൾ വരച്ചതുകൊണ്ട് മാത്രം അത് സീബ്രയായി മാറില്ല. ഒരു കഴുത കഴുതയായി തുടരുന്നു," - ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്റർ ജുനൈദ് അക്രമുമായുള്ള പോഡ്‌കാസ്റ്റിന്റെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവൻ വീഡിയോയും ഇമ്രാൻ ഖാന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ വോട്ടിലൂടെ ഏപ്രിൽ 10 ന് ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. അട്ടിമറി സാധ്യതയുള്ള രാജ്യത്ത് പാർലമെന്റ് പുറത്താക്കിയ ആദ്യത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. ദിവസങ്ങളോളം നീണ്ട നാടകീയതയ്‌ക്കൊടുവിൽ അർധരാത്രിയോടെയായിരുന്നു വോട്ടെടുപ്പ് നടന്നത്.
ഷെഹ്ബാസ് ഷെരീഫിനെ പാകിസ്ഥാൻ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയും പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു ചേർന്ന് സഖ്യമുണ്ടാക്കുകയും ചെയ്തു. പാക്കിസ്ഥാനിൽ ഭരണം കൊണ്ടുവരാൻ തന്റെ രാഷ്ട്രീയ എതിരാളികൾ യുഎസുമായി ഒത്തുകളിച്ചുവെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ ഇതിന് വിശ്വസനീയമായ തെളിവുകളൊന്നും അദ്ദേഹം നൽകിയിരുന്നില്ല.
വിദേശ ഇടപെടലുകളുണ്ടെന്ന ആരോപണം വാഷിംഗ്ടൺ ശക്തമായി നിഷേധിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഖാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2023 മെയ് മാസത്തിന് മുമ്പ് പൊതു തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുകയും ചെയ്തതോടെ ഖാൻ വീണ്ടും പ്രതിസന്ധിയിലാകുകയായിരുന്നു.
