Asianet News MalayalamAsianet News Malayalam

Russia Ukraine Crisis : മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് യുദ്ധത്തിന് പോകുന്ന പിതാവ്, യുക്രൈനിൽ നിന്നുള്ള ദൃശ്യം

മകളെ സുരക്ഷിത കേന്ദ്രത്തിലാക്കിയ ശേഷം യുദ്ധത്തിനായി മടങ്ങുകയാണ് ആ പിതാവ്. മകളുടെയും മകളെ കെട്ടിപ്പിടിച്ച് കരയുന്ന പിതാവിന്റെയും ദൃശ്യങ്ങൾ ന്യൂ ന്യൂസ് ഇയു ആണ് പങ്കുവച്ചിരിക്കുന്നത്.

A father hugs his daughter and goes to war, another scene from Ukraine
Author
Delhi, First Published Feb 25, 2022, 12:17 PM IST

ദില്ലി: മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാൻ ജനങ്ങൾക്ക് ആയുധം വിതരണം ചെയ്യുകയാണ് യുക്രൈൻ. യുക്രെയ്‌ൻ നേരിടുന്നത് അതിന്റെ എല്ലാ സായുധ സർവ്വീസുകളേക്കാളും വലിയ റഷ്യൻ സൈന്യത്തെയാണ്. ഇതിനിടെ നിരവധി ഹൃദയഭേദകമായ ദൃശ്യങ്ങളും വാർത്തകളുമാണ് യുക്രൈനിൽ നിന്ന് പുറത്തുവരുന്നത്. തന്റെ ചെറിയ മകളെ സാധാരണക്കാർക്കുള്ള സുരക്ഷിത മേഖലയിൽ ആക്കിയ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് ആലിംഗനം ചെയ്യുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് ഒടുവിലായി പുറത്തുവരുന്നത്. 

മകളെ സുരക്ഷിത കേന്ദ്രത്തിലാക്കിയ ശേഷം യുദ്ധത്തിനായി മടങ്ങുകയാണ് ആ പിതാവ്. മകളുടെയും മകളെ കെട്ടിപ്പിടിച്ച് കരയുന്ന പിതാവിന്റെയും ദൃശ്യങ്ങൾ ന്യൂ ന്യൂസ് ഇയു ആണ് പങ്കുവച്ചിരിക്കുന്നത്. മകളെ അവിടെ നിന്ന് ഒരു അഭയ കേന്ദ്രത്തിലേക്ക് മാറ്റും. വീഡിയോയിൽ കൃത്യമായ സ്ഥലം പരാമർശിക്കുന്നില്ല. കിഴക്കൻ യുക്രെയ്നിലെ കൈവിൽനിന്നും മറ്റ് നിരവധി നഗരങ്ങളിൽ നിന്നും റഷ്യൻ ബോംബാക്രമണത്തിന്റെ വാർത്തകൾ പുറത്തുവരുന്നുണ്ട്. ന്യൂ ന്യൂസ് ഇയു ട്വീറ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ, ഒരു യുക്രേനിയൻ സ്ത്രീ റോഡിൽ വച്ച് റഷ്യൻ സൈനികരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുന്നതായി കാണാം. 

കൈവിനു ചുറ്റുമുള്ള മേഖലയിൽ റഷ്യൻ സൈന്യത്തിന് എത്തിച്ചേരാനായെന്നും നഗരത്തിനടുത്തുള്ള ഒരു വ്യോമതാവളത്തിനായുള്ള പോരാട്ടം നടക്കുകയാണെന്നും യുക്രെയ്ൻ പറഞ്ഞു. കൈവിന്റെ വടക്കൻ ഭാഗത്തുള്ള ആളുകൾ തലക്ക് മുകളിലൂടെ താഴ്ന്ന് പറക്കുന്ന നിരവധി ഹെലികോപ്റ്ററുകൾ കണ്ടതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിനാവില്ല. അതിനാൽത്തന്നെ റഷ്യൻ സൈന്യത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്താനാണ് തീരുമാനം. ജനങ്ങളോട് തന്നെ സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് യുക്രൈനിയൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്യുന്നത്. യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് ഇന്നലെ വ്ലാദിമിർ സെലെൻസ്കി പ്രഖ്യാപിച്ചിരുന്നു. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന്  സെലെൻസ്കി ആഞ്ഞടിച്ചു. 

ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരൻമാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു.

''നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാൻ തയ്യാറാകുക. യുക്രൈൻ സ്വന്തം സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കില്ല. റഷ്യൻ ഫെഡറേഷൻ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി ആക്രമണങ്ങൾ അഴിച്ചുവിട്ടത് പോലെയാണ്'', സെലെൻസ്കി പറഞ്ഞു. 

റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രൈന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഹിറ്റ്‍ലറെയും പുടിനെയും ഒന്നിച്ചുനിർത്തിക്കൊണ്ടുള്ള ഒരു കാർട്ടൂൺ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. യുദ്ധം തുടങ്ങിയതിന് പിന്നാലെ ലോകത്തോടൊട്ടാകെ സഹായം തേടിക്കൊണ്ട് യുക്രൈനിയൻ പ്രസിഡന്‍റ് വികാരഭരിതമായ പ്രസംഗമാണ് നടത്തിയത്. 

ലോകമേ, ഇടപെടൂ, എന്നാണ് ലോകരാജ്യങ്ങളോട്, വിശേഷിച്ച് യൂറോപ്യൻ രാജ്യങ്ങളോട് അടിയന്തരസഹായം തേടി യുക്രൈൻ ആവർത്തിച്ചാവശ്യപ്പെട്ടത്. യുക്രൈൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയായിരുന്നു:

1. റഷ്യയ്ക്ക് മേൽ കനത്ത സാമ്പത്തിക ഉപരോധം അടക്കം ഏർപ്പെടുത്തുക, അന്താരാഷ്ട്ര ബാങ്കിംഗ് ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കുക
2. റഷ്യയെ ഒറ്റപ്പെടുത്തുക
3. യുക്രൈന് ആയുധസഹായം നൽകുക
4. സാമ്പത്തികസഹായം ഉറപ്പാക്കുക
5. മനുഷ്യത്വപരമായ സഹായം എത്തിക്കുക

എന്നാൽ ഇതൊന്നും നടപ്പായില്ല എന്ന സൂചനകളാണ് വരുന്നത്. പേരിന് സാമ്പത്തിക ഉപരോധം ഏ‍ർപ്പെടുത്താൻ മാത്രമാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ തയ്യാറായത്. നിരാശരാണ് യുക്രൈൻ എന്നത് സംശയമില്ല. പക്ഷേ, പ്രതിരോധിക്കും, ഉറപ്പ് എന്ന് ഉറച്ച ശബ്ദത്തിൽ പറയുന്നു, പ്രസിഡന്‍റ് സെലൻസ്കി. 

Follow Us:
Download App:
  • android
  • ios